പിറവം > തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടം നടത്തിയ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവർത്തകരെ മറുവിഭാഗം അടിച്ചോടിച്ചു. ബിജെപി നിയോജക മണ്ഡലം പഠന ശിബിര വേദിക്കുമുന്നിലാണ് കൈയാങ്കളി നടന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പിറവം കിന്റർ പബ്ലിക് സ്കൂളിൽവച്ചാണ് ശിബിരം സംഘടിപ്പിച്ചിരുന്നത്. സംസ്ഥാന സമിതി അംഗം വി എൻ വിജയൻ ഉദ്ഘാടനം ചെയ്യാൻ എത്തുന്നതറിഞ്ഞ് ഇരുപത്തഞ്ചോളം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രകടനമായി സ്ഥലത്തേക്ക് എത്തുകയായിരുന്നു.
വോട്ടുകച്ചവടത്തിന് നേതൃത്വം കൊടുത്ത മധ്യമേഖല ഉപാധ്യക്ഷൻ എം എൻ മധു, നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെക്രട്ടറിമാരായ എം എസ് കൃഷ്ണകുമാർ, വിവേക് എസ് പിള്ള എന്നിവരെ പുറത്താക്കണം എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇവരുടെ നേരെ മണ്ഡലം നേതാക്കളുടെ ശിങ്കിടികൾ അക്രമം അഴിച്ചുവിട്ടു.
ആക്രമണത്തിൽ ബിജെപി മുളന്തുരുത്തി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി വി ദുർഗ പ്രസാദ്, മണീട് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ, യുവമോർച്ച മുൻ ജില്ലാ കമ്മിറ്റി അംഗം സി എസ് അഭിമന്യു എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചകൾക്കുമുമ്പ് പിറവം മണ്ഡലം കമ്മിറ്റി ഓഫീസിലും നേതാക്കൾ ഏറ്റുമുട്ടിയിരുന്നു. ഇതിനെത്തുടർന്ന് ദുർഗ പ്രസാദ്, അഭിമന്യു എന്നിവരെ പാർടിയിൽനിന്ന് പുറത്താക്കിയിരുന്നതായാണ് നേതൃത്വം പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..