25 January Monday

ഒമാനില്‍ നിരവധി തസ്‌തികകളില്‍ പ്രവാസികള്‍ക്ക് വിലക്ക്

അനസ് യാസിന്‍Updated: Monday Jan 25, 2021

മനാമ > ഒമാനില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ വിവിധ തസ്‌തികകളില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാന്‍ഷ്യല്‍, അഡ്‌മിനിസ്‌ട്രേറ്റിവ് തസ്തികകള്‍, ഇന്‍ഷുറന്‍സില്‍ ബ്രോക്കറേജ് ജോലികള്‍, മാളുകളില്‍ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍ എന്നീ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

വാഹന ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, പഴയതും പുതിയതുമായ വാഹനങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട തസ്തികകള്‍ എന്നിവയിലും വിദേശികളെ വിലേക്കി. ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിലവിലെ വിസാ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ തുടരാം. അതിനുശേഷം വിസ പുതുക്കില്ല.

ഈ തീരുമാനത്തിനോ അതിന്റെ വ്യവസ്ഥകള്‍ക്കോ വിരുദ്ധമായ ഏത് നിയമവും റദ്ദാക്കപ്പെടുമെന്നും തൊഴില്‍ മന്ത്രി ഡോ. മഹാദ് ബിന്‍ സയീദ് ബൗയിന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷം നടപ്പാക്കും.
നിവലില്‍ ഇന്‍ഷുറന്‍സ് കമ്പനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്തും നിലവില 80 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ട്.

മലയാളികളെ കാര്യമായിതന്നെ ബാധിക്കുന്നതാണ് പുതിയ ഉത്തരവ്. സ്വദേശിവത്കരണം പ്രഖ്യാപിച്ച ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റിവ് തസ്‌തികകളിലും വാഹന വില്‍പന ഏജന്‍സികള്‍, ഷോപ്പിങ് മാളുകളിലെ സ്റ്റോറുകള്‍ എന്നിവയിലും നിരവധി മലയാളികളാണ് തൊഴിലെടുക്കുന്നത്.
ഇന്ധനം, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

അദ്ധ്യാപന മേഖല സ്വദേശിവല്‍ക്കരിക്കാനും പ്രവാസി അധ്യാപകര്‍ക്ക് പകരമായി ഒമാനികളെ നിയമിക്കാനും തയ്യാറെടുക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അദ്ധ്യാപന മേഖലയില്‍ സ്വദേശിവല്‍ക്കരണം കഴിഞ്ഞവര്‍ഷം 85 ശതമാനമായി ഉയര്‍ന്നു. ഈ അധ്യായന വര്‍ഷം അധ്യാപക പരിശീലനത്തിന് ചേര്‍ന്നത് ആറായിരത്തിലധികം സ്വദേശികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top