ന്യൂഡൽഹി > കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാമെന്ന ഉറപ്പ് കർഷകസംഘടനകൾക്ക് നൽകണമെന്നും ഇടതുപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ഒന്നര വർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാനുള്ള സന്നദ്ധത സർക്കാർ പ്രകടമാക്കി. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റിൽ വിജ്‌ഞാപനം ചെയ്യുന്ന നിയമങ്ങൾ രാജ്യത്തെ നിയമസംവിധാനമാണ്. അത് മരവിപ്പിക്കാനാകില്ല. പിൻവലിക്കാത്തിടത്തോളം പ്രാബല്യത്തിലായിരിക്കും.
നിയമങ്ങൾ പിൻവലിച്ച ശേഷം പരിഷ്‌കരണങ്ങൾ സംബന്ധിച്ച് കർഷകരുമായും സംസ്ഥാനങ്ങളുമായും മറ്റാളുകളുമായും ചർച്ച നടത്തി നിർദേശങ്ങൾ പാർലമെന്റ് മുമ്പാകെ കൊണ്ടുവരണം. കൊടുംശൈത്യത്തിലും ഡൽഹിയിലും രാജ്യമെമ്പാടും പ്രതിഷേധിക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ നിശ്ചയദാർഢ്യത്തെയും ഐക്യത്തെയും ഇടതുപക്ഷ പാർടികൾ അഭിനന്ദിക്കുന്നു. പ്രക്ഷോഭത്തിനിടെ നൂറിലേറെ കർഷകർ രക്തസാക്ഷികളായി. ദിനംപ്രതി സമരം ശക്തിപ്രാപിക്കുകയാണ്. കാർഷിക നിയമങ്ങളുടെ പിൻവലിക്കലും മതേതര–- ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണവും ലക്ഷ്യമിട്ട് റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്താനുള്ള കർഷകരുടെ നിശ്ചയദാർഢ്യത്തെയും പ്രശംസിക്കുന്നു.
ചരിത്രസമരത്തിനുള്ള പിന്തുണ ആവർത്തിക്കുന്നതായും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..