ന്യൂഡൽഹി > റിപ്പബ്ലിക് ദിനത്തിലെ ഔദ്യോഗിക പരേഡിനെ നിഷ്‌പ്രഭമാക്കും വിധം കിസാൻ പരേഡ് വിജയമാക്കാൻ കർഷകസംഘടനകൾ ഒരുങ്ങി. കിസാൻസഭ അടക്കമുള്ള കർഷകസംഘടനകളുടെ ആഹ്വാനപ്രകാരം ആയിരക്കണക്കിന് ട്രാക്ടറുകൾ ഹരിയാന, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് നീങ്ങിത്തുടങ്ങി. മൂന്ന് ലക്ഷത്തിലേറെ ട്രാക്ടറുകൾ പരേഡിൽ അണിനിരക്കുമെന്ന് കർഷകസംഘടനകൾ പറഞ്ഞു.
സിൻഘു അതിർത്തിയിൽനിന്ന് 27 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ സൊനിപ്പത്തുവരെ ട്രാക്ടറുകൾ ഇതിനോടകം നിരന്നു. ജയ്‌പുർ, ചണ്ഡിഗഢ്, മീറത്ത്, ആഗ്ര, റോത്തക്ക് എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്കുള്ള അഞ്ച് ദേശീയപാത ഉപരോധിച്ചാണ് നിലവിൽ കർഷകസമരം തുടരുന്നത്. കിസാൻ പരേഡിനായി ഈ ദേശീയപാതകൾ പൊലീസ് തുറന്നുകൊടുക്കും. ജയ്‌പുർ ദേശീയപാതയിൽ ഷാജഹാൻപുരിൽ സമരത്തിലുള്ളവർ ടിക്രിയിലെ സമരകേന്ദ്രത്തിലെത്തി പരേഡിൽ അണിനിരക്കും.
പൽവൽ സമരകേന്ദ്രത്തിൽനിന്നുള്ളവർ ഗാസിപുരിലെ സമരകേന്ദ്രത്തിലെത്തി പരേഡിൽ പങ്കാളികളാകും. സിൻഘു, ടിക്രി, ഗാസിപുർ, ചില്ല എന്നീ നാല് അതിർത്തിയിലൂടെയാണ് കിസാൻ പരേഡ് ഡൽഹിയിലേക്ക് പ്രവേശിക്കുക. ദേശീയ പതാകയേന്തിയാണ് കർഷകർ ട്രാക്ടറുകളിൽ രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. സമാധാനത്തിന്റെ വെള്ളക്കൊടിയും കർഷകർ ഉയർത്തുന്നു.
ശാന്തി രഹേ തോ കിസാൻ കി ജീത്ത്
‘കിസാൻ പരേഡ്: ശാന്തി രഹേ തോ കിസാൻ കി ജീത്ത്, അശാന്തി ഹേ തോ മോഡി കി ജീത്ത്’–- ലക്ഷക്കണക്കിന് ട്രാക്ടറുകൾ അണിനിരന്നുള്ള കിസാൻ പരേഡ് സമാധാനപരമായിരിക്കുമെന്ന് ഉറപ്പാക്കാനായി കർഷകസംഘടനകൾ ഉയർത്തുന്ന പുതിയ മുദ്രാവാക്യമാണിത്. കിസാൻ പരേഡ് അലങ്കോലപ്പെടുത്താൻ സർക്കാർ ഏജൻസികൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് എന്ത് പ്രകോപനമുണ്ടായാലും കർഷകർ സമാധാനം പാലിക്കണമെന്ന സന്ദേശം പകർന്നുള്ള പുതിയ മുദ്രാവാക്യം. മോഡി അശാന്തിയുടെ നേതാവാണെന്ന സന്ദേശവും മുദ്രാവാക്യം പകരുന്നു.
കേരളത്തിൽനിന്ന് രണ്ടാം സംഘവും എത്തി
ന്യൂഡൽഹി > രണ്ടുമാസമായി ഡൽഹിയിൽ തുടരുന്ന കർഷകസമരത്തിന് കരുത്തേകാൻ കേരളത്തിൽനിന്ന് കൂടുതൽ കർഷകസംഘം പ്രവർത്തകരെത്തി. രണ്ടാം ബാച്ചിൽ വിവിധ ജില്ലകളിൽനിന്നുള്ള ഇരുന്നൂറോളം പേര്‍ ഷാജഹാൻപുരിലെ സമരകേന്ദ്രത്തിൽ എത്തി. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും ഷാജഹാൻപുരിൽ എത്തി.
സിൻഘുവും ടിക്രിയും കഴിഞ്ഞാൽ കൂടുതൽ കർഷകർ രാജസ്ഥാൻ–- ഹരിയാന അതിർത്തിയായ ഷാജഹാൻപുരിലാണ്. കിസാൻസഭയുടെ നേതൃത്വത്തിൽ 59 ദിവസമായി ഇവിടെ സമരം തുടരുന്നു. ഡൽഹി–- ജയ്‌പുർ ദേശീയപാതയിൽ താൽക്കാലിക ടെന്റുകളിലും ട്രാക്ടർ ട്രോളികളിലുമായാണ് താമസം. ഭക്ഷണത്തിനായി സാമൂഹ്യഅടുക്കളകൾ ഒരുക്കി. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിൽ അണിനിരക്കാന്‍ രാജസ്ഥാൻ, ഹരിയാന തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽനിന്നായി കർഷകർ ട്രാക്ടറുകളിലും മറ്റും പ്രവഹിക്കുകയാണ്. കേരളത്തിൽനിന്നും അഞ്ഞൂറോളം പേരുടെ ആദ്യസംഘം 15ന് ഷാജഹാൻപുരിലെത്തി. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർമാത്രമാണ് സമരത്തിലെന്ന കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും നുണപ്രചാരണം പൊളിക്കുന്നതാണ് ഷാജഹാൻപുരിലെ കര്‍ഷക പങ്കാളിത്തം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..