25 January Monday

തലശേരിയിൽ മതസൗഹാർദം വീണ്ടെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്‌ സിപിഐ എം: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
കണ്ണൂർ > തലശേരി കലാപത്തെ തുടർന്ന്‌ മതസൗഹാർദത്തിലുണ്ടായ വിള്ളലുകൾ വിളക്കിയെടുക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്‌ സിപിഐ എമ്മാണെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ.
 
കലാപത്തിനുശേഷം തലശേരി മേഖലയിൽ മതസൗഹാർദം വലിയ പ്രശ്‌നമായിരുന്നു. അത്‌ വീണ്ടും ബലപ്പെടുത്താൻ ഒരുപാടു പരിശ്രമങ്ങൾ വേണ്ടിവന്നു. ഇ എം എസും പാട്യം ഗോപാലനും പിണറായി വിജയനും മറ്റും നൽകിയ സംഭാവനകൾ വലുതാണെന്നും മുകുന്ദൻ പറഞ്ഞു. ഡോ. എ വത്സലൻ രചിച്ച ‘തലശേരി കലാപം: നേരും നുണയും’ പുസ്‌തകത്തിന്റെ പ്രകാശനം സുകുമാർ അഴീക്കോട്‌ അനുസ്‌മരണ ചടങ്ങിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
നേരിന്റെ വഴിയിൽ നടന്ന മഹൽവ്യക്തിത്വമാണ്‌ അഴീക്കോട്‌. ഈ പുസ്‌തകവും നേരും നുണയും വേർതിരിച്ചുകാണാനുള്ള സംരംഭമാണ്.  മലയാളത്തിൽ സർഗാത്മക കൃതികളും സാംസ്‌കാരിക പഠനങ്ങളും ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും ചരിത്ര പുസ്‌തകരചന അപൂർവമാണ്‌. ചരിത്രപുസ്‌തകങ്ങൾ രചിക്കാൻ കൃത്യമായ കാഴ്‌ചപ്പാടും നിലപാടും വളരെയധികം അധ്വാനവും ആവശ്യമുണ്ടെന്നതാകാം കുറവിനു കാരണം.
 
പുസ്‌തക രചയിതാവായ ഡോ. എ വത്സലനും ഇതിനു മുൻകൈയെടുത്ത പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും അഭിനന്ദനം അർഹിക്കുന്നതായും എം മുകുന്ദൻ പറഞ്ഞു. പഠനഗവേഷണ കേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top