25 January Monday

ചരിത്രമെഴുതിയ സഭാസമ്മേളനം; എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിട്ട സർക്കാർ

എ കെ ബാലൻUpdated: Monday Jan 25, 2021

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തിരശ്ശീല വീണു. 2016 മെയ് 20 ന് നിലവിൽ വന്ന ഈ സഭ സാങ്കേതികമായി നാല് മാസം കൂടി ഉണ്ടെങ്കിലും 15–-ാം സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ 22–-ാം സമ്മേളനത്തോടെ അവസാനിച്ചു. എൽഡിഎഫ് സർക്കാരിന്റെ പുതിയ നയപ്രഖ്യാപനം, ബജറ്റ് അവതരണം, നാല് മാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കൽ, അടിയന്തര നിയമ നിർമാണങ്ങൾ എന്നിവയായിരുന്നു  പ്രധാന അജണ്ടകൾ.

11 ദിവസത്തെ അവസാന സമ്മേളനം വേറിട്ട കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ സ്പീക്കറെ നീക്കം ചെയ്യാൻ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതും ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ജനാധിപത്യവിരുദ്ധമായ നടപടികൾ തുറന്നുകാട്ടപ്പെട്ടതും ആയിരുന്നു ഈ കാഴ്ചകൾ.

ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആയിരുന്നു സമ്മേളനത്തിന് തുടക്കം. മഹാമാരിയെ നേരിടാൻ കേരളം സ്വീകരിച്ച മാതൃകാ പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളും എടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഏറെ ബഹളം കൂട്ടിയ ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന എസ് ശർമയുടെ പ്രമേയത്തിൽ മൂന്ന് ദിവസം ചർച്ച നടന്നു. പ്രതിപക്ഷം നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു.

രാഷ്ട്രീയാരോപണങ്ങളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട മാധ്യമ നുണകളുമല്ലാതെ ഗൗരവതരമായ ഒരു ചർച്ചയും പ്രതിപക്ഷം നടത്തിയില്ല. നാലര വർഷമായി കേരളത്തിലുണ്ടായ മാറ്റത്തിന്റെയും പുരോഗതിയുടെയും നേർ ചിത്രങ്ങളാണ് ഭരണപക്ഷം നന്ദി പ്രമേയ ചർച്ചയിൽ വരച്ചിട്ടത്. പുതിയ വികസന പരിപ്രേക്ഷ്യത്തിന്റെ സാമ്പത്തിക രൂപരേഖയായിരുന്നു കഴിഞ്ഞ ബജറ്റ് . കൃത്യവും വ്യക്തവുമായ ആസൂത്രണവും ലക്ഷ്യബോധവുമുള്ള കർമപദ്ധതി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെ തുടർച്ച ഉന്നതവിദ്യാഭ്യാസ രംഗത്തും ഈ ബജറ്റ് വിഭാവനം ചെയ്യുന്നു.  കേന്ദ്ര സർക്കാർ നിയമനിർമാണത്തിലൂടെ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില സമ്പ്രദായം എടുത്തുകളയുമ്പോൾ കേരളം പച്ചക്കറിക്ക് വരെ താങ്ങുവില ഏർപ്പെടുത്തുകയും നെല്ല്, റബർ, നാളികേരം മുതലായവയുടെ തറവില  ഉയർത്തുകയും ചെയ്തു.
രണ്ടാമത്തെ ബജറ്റിൽ കിഫ്ബി അവതരിപ്പിച്ചപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും ആകാശ കുസുമം എന്നും ആക്ഷേപിച്ച പ്രതിപക്ഷം അതേ വാദമാണ് ഈ ബജറ്റിനെക്കുറിച്ചും ചർച്ചയിൽ ഉന്നയിച്ചത്. സ്വന്തം മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി മുഖേന നടപ്പിലാക്കിയ കണക്കുകൾ പുറത്ത് വന്നപ്പോൾ ഞങ്ങൾ കിഫ്ബിക്ക് എതിരല്ല എന്നായി പ്രതിപക്ഷം. കിഫ്ബിയുടെ ധനസമാഹരണത്തെക്കുറിച്ച് സിഎജി പറഞ്ഞ തെറ്റായ നിഗമനത്തെക്കുറിച്ചായി ചർച്ച. ബിജെപിക്ക് എതിരായോ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായോ ഒരു വാക്ക് പോലും പറയാതെ കേന്ദ്ര ഏജൻസികളുടെ വക്കാലത്ത് ഏറ്റെടുത്തായിരുന്നു പ്രതിപക്ഷം ബഹളംവച്ചത്.

സമ്പൂർണ ബജറ്റ് മാർച്ച് 31 ന് മുമ്പ്‌ പാസാക്കാൻ കഴിയാത്തതിനാൽ നാല് മാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി. 2019–-20 സാമ്പത്തിക വർഷത്തെ അവസാന ഉപധനാഭ്യർഥനകളും ധനവിനിയോഗ ബില്ലും പാസാക്കി. 2021 ലെ ധനബില്ലും അവതരിപ്പിച്ചു.

ഏഴ് അടിയന്തര പ്രമേയങ്ങൾ പ്രതിപക്ഷം കൊണ്ടുവന്നു.  2 പ്രമേയങ്ങൾക്ക് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. നാല് പ്രമേയങ്ങൾക്ക് അവതരണാനുമതി നൽകി. ഒരു പ്രമേയം ചർച്ച ചെയ്തു. പിഎസ്‌സി ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളെ കൈയിലെടുക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും കുറേനാളായി നടത്തുന്ന പ്രചാരണത്തിന്റെ തുടർച്ചയായിരുന്നു പിൻവാതിൽ നിയമനം എന്നാരോപിച്ചുള്ള ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയം. പിഎസ്‌സിയെ നോക്കുകുത്തിയാക്കിയും പിഎസ്‌സിക്ക് വിട്ട നിയമനം പോലും തിരിച്ചെടുത്തും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയും നിയമന നിരോധനം ഏർപ്പെടുത്തിയും നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയും യുവാക്കളെ വഞ്ചിച്ച യുഡിഎഫിന്റെ കള്ളക്കണ്ണീർ തുറന്നുകാട്ടാൻ ഈ അടിയന്തര പ്രമേയം സർക്കാരിനെ സഹായിക്കുകയുണ്ടായി. നാലരവർഷം കൊണ്ട് 1,51,513 പേർക്ക് പിഎസ്‌സി നിയമനം നൽകാനും 27,000 സ്ഥിരം തസ്തിക ഉൾപ്പെടെ 44,000 തസ്തികകൾ സൃഷ്ടിക്കാനും കഴിഞ്ഞത് സർവകാല റെക്കോഡ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, 52 സ്ഥാപനത്തിലെ നിയമനം പിഎസ്‌സിക്ക് വിട്ടത് തന്നെ പിൻവാതിൽ നിയമനം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്തെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലൈഫ് പദ്ധതി അഴിമതി ആരോപിച്ചായിരുന്നു രണ്ടാമത്തെ അടിയന്തര പ്രമേയം. ചില മാധ്യമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ യുഡിഎഫും ബിജെപിയും സഭയ്ക്ക് പുറത്ത് നടത്തിക്കൊണ്ടിരുന്ന നുണകളുടെ തനിയാവർത്തനമായിരുന്നു അനിൽ അക്കരയുടെ പ്രമേയം. വിദേശ ഫണ്ട് സ്വീകരിച്ച് വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് പണിയുന്നത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു പ്രമേയം. റെഡ് ക്രസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടനയാണ് ഫ്ളാറ്റ് പണിത് നൽകാൻ തയ്യാറായിട്ടുള്ളതെന്നും ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും തദ്ദേശമന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതായിരുന്നു പി ടി തോമസിന്റെ സ്വർണ കള്ളക്കടത്തിന്റെ പേരിലുള്ള അടിയന്തര പ്രമേയം. എല്ലാ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. തിരുവനന്തപുരം–-കാസർകോട്‌ അതിവേഗ റെയിൽപദ്ധതിക്കെതിരെ മോൻസ് ജോസഫ് കൊണ്ടുവന്നതായിരുന്നു മറ്റൊരു അടിയന്തര പ്രമേയം.

കിഫ്ബി മസാല ബോണ്ട് വഴി കടമെടുപ്പ് നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന വി ഡി സതീശന്റെ അടിയന്തര പ്രമേയമാണ്  ചർച്ച ചെയ്തത്. കിഫ്ബി നിയമാനുസൃതം രൂപീകരിക്കപ്പെട്ടൊരു സ്ഥാപനമായതിനാലും പ്രവർത്തനങ്ങൾ സുതാര്യമായതിനാലും സർക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ലാത്തതിനാലും പ്രമേയം ചർച്ച ചെയ്യാമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.  ഭരണഘടനാവിരുദ്ധമാകുമെന്നും റിസർവ് ബാങ്കിന്റെ അടക്കം രേഖകൾ ഉദ്ധരിച്ച് ഭരണപക്ഷം വാദിച്ചു.  ചർച്ചയ്ക്കൊടുവിൽ പ്രമേയം പ്രസ്സ് ചെയ്യാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജിയുടെ ചട്ടവിരുദ്ധമായ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചു. സിഎജി ചട്ടം ലംഘിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി തന്റെ വിയോജനക്കുറിപ്പോടെയാണ് ധനമന്ത്രി റിപ്പോർട്ട്  വച്ചത്. കരട് റിപ്പോർട്ടിൽ പരാമർശിക്കാതിരുന്ന മൂന്ന് പേജുകളാണ് അവസാന റിപ്പോർട്ടിൽ കൂട്ടിച്ചേർത്തത്. ഓഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും കാര്യങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ്‌ സർക്കാരിന്റെ അഭിപ്രായവും വിശദീകരണവും തേടണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. സിഎജിയുടെ 2019 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ സ്റ്റേറ്റ് ഫിനാൻഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലെ പേജ് 41 മുതൽ 43 വരെയുള്ള കിഫ്ബി സംബന്ധിച്ച പരാമർശങ്ങളും രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നു എന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുകയും ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു.

സ്പീക്കറെ നീക്കം ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം സഭയെ തന്നെ അവഹേളിക്കുന്നതായിരുന്നു. കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായും കേട്ടുകേൾവിയുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ സ്പീക്കറെ നീക്കം ചെയ്യാൻ പ്രമേയം കൊണ്ടുവരുന്നത് രാജ്യത്ത് തന്നെ ഇതിന് മുമ്പ്‌ ഉണ്ടായിട്ടില്ല. സ്പീക്കറെ നീക്കം ചെയ്യുന്നതിന് ഭരണഘടനയിലോ നിയമസഭാ ചട്ടത്തിലോ പ്രതിപാദിച്ചിരിക്കുന്ന ഒരു ഘടകം പോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഈ അധാർമിക നടപടിക്ക് പ്രതിപക്ഷം വലിയ വിലകൊടുക്കേണ്ടി വരും.

രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കർക്കുള്ള പുരസ്കാരം ലഭിക്കുകയും രാജ്യത്തെ പാർലമെന്ററി ചരിത്രത്തിന് മാതൃകയായ നിരവധി നവീന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത  പി ശ്രീരാമകൃഷ്ണൻ കേരളത്തിന് അഭിമാനമായ മറ്റൊരു മാതൃകയാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. സഭയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളെയും നവീന പദ്ധതികളെയും പ്രശംസിക്കുകയും അതിൽ പങ്കാളിയാകുകയും ചെയ്തവരാണ് ഇപ്പോൾ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഒരിഞ്ചും തലകുനിക്കില്ലെന്നും പ്രതിപക്ഷത്തിനുള്ള മറുപടിയിൽ സ്പീക്കർ പറഞ്ഞു.  ലൈഫ് പദ്ധതിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ വഴിവിട്ട നീക്കത്തിൽ ജെയിംസ് മാത്യു നൽകിയ അവകാശലംഘന നോട്ടീസ് സ്പീക്കർ പ്രിവിലേജ് ആൻഡ്‌ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതിലുള്ള പ്രതികാരമാണ് ഈ പ്രമേയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പ്രതിപക്ഷം ഇറങ്ങിപ്പോയതിനെ തുടർന്ന് വോട്ടിനിടാതെ തന്നെ പ്രമേയം  തള്ളി.

കിഫ്ബിയെ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ ധനമന്ത്രി പുറത്തുവിട്ടത് അവകാശലംഘനമാണെന്ന് ആരോപിച്ച് വി ഡി സതീശൻ നൽകിയ നോട്ടീസ് തള്ളിക്കളഞ്ഞു. ധനമന്ത്രി നൽകിയ വിശദീകരണത്തിന്റെയും എത്തിക്സ് കമ്മിറ്റി മുമ്പാകെ വന്ന തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രിവിലേജ് ആൻഡ്‌  എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ആണ് വോട്ടിനിട്ട് അംഗീകരിച്ചത്. ബിഷപ് ഫ്രാങ്കോ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയെന്ന് കാട്ടി പി സി ജോർജിനെതിരെ  വനിതാ കമീഷൻ അധ്യക്ഷ നൽകിയ പരാതിയിൽ എത്തിക്സ് കമ്മിറ്റി അദ്ദേഹത്തെ ശാസിക്കാൻ ശുപാർശ ചെയ്യുകയും സഭ ശാസിക്കുകയും ചെയ്തു. 14 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളും 103 സബ്മിഷനുകളും വന്നു. അവയ്ക്കെല്ലാം മന്ത്രിമാർ മറുപടി നൽകി. 240 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 2925 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും വന്നു.

വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുതിയ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഓർഡിനൻസിന് പകരമുള്ള ബിൽ പാസാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം ചേർന്നതെങ്കിലും കോവിഡ് മൂലം ഈ ലേഖകൻ അടക്കം അഞ്ചോളം പേർക്ക്  പങ്കെടുക്കാൻ കഴിഞ്ഞില്ല. സഭയുടെയും സ്പീക്കറുടെയും നേട്ടമായ സഭാ ടിവിയിലൂടെ തത്സമയം കാണാൻ കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും വിതച്ച എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിട്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. വികസന കാര്യത്തിൽ രാഷ്ട്രീയം കാണാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന സമീപനമായിരുന്നു പ്രതിപക്ഷത്തിന്റേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top