മുംബൈ > കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളും മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. നാസിക്കിലെ ഗോള്‍ഫ് ക്ലബ് മൈതാനത്ത് നിന്നും ശനിയാഴ്ച്ച ആരംഭിച്ച മാര്‍ച്ച് ജനുവരി 26ന് മുംബൈയിലെ ആസാദ് മൈതാനില്‍ സമാപിക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റുമായ അശോക് ധാവ്‌ളെ ഉള്‍പ്പെടെയുള്ള സംയുക്ത കര്‍ഷക സമിതി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടറുകള്‍ അണിനിരത്തി കിസാന്‍ പരേഡ് നടത്താന്‍ കര്‍ഷകസംഘടനകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ശനിയാഴ്ച ഡല്‍ഹി, യുപി, ഹരിയാന പൊലീസുമായി സംയുക്ത കിസാന്‍മോര്‍ച്ച പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം വഴങ്ങിയത്. സിന്‍ഘു, തിക്രി, ഷാജഹാന്‍പുര്‍, പല്‍വല്‍, ഗാസിപുര്‍ എന്നീ അഞ്ച് സമരകേന്ദ്രത്തില്‍നിന്ന് ട്രാക്ടറുകള്‍ ഡല്‍ഹിക്കുള്ളില്‍ പ്രവേശിക്കും. നഗരത്തിനുള്ളില്‍ 30 കിലോമീറ്ററോളം പരേഡുണ്ടാകും. ഒരു ലക്ഷത്തോളം ട്രാക്ടറിലായി അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍ പരേഡില്‍ അണിനിരക്കും.
ട്രാക്ടര്‍ റാലി തടയാന്‍ കേന്ദ്രം എല്ലാ ശ്രമവും നടത്തി. പരേഡ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് തീരുമാനിക്കട്ടെയെന്നായിരുന്നു കോടതി. പരേഡ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് സ്വീകരിച്ചത്. രണ്ടുവട്ടം കര്‍ഷകസംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡല്‍ഹിയില്‍ പ്രവേശിക്കുമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ഇതിനിടെ ആയിരക്കണക്കിന് ട്രാക്ടറുകള്‍ പരേഡിനായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തി. ജനകീയ സമ്മര്‍ദം ശക്തിപ്പെട്ടതോടെ കേന്ദ്രവും പൊലീസും വഴങ്ങുകയായിരുന്നു.
രാജസ്ഥാന്‍, യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നാണ് പരേഡിനായി ട്രാക്ടറുകള്‍ എത്തുക. ഹരിയാനയിലെയും പഞ്ചാബിലെയും ഓരോ ഗ്രാമങ്ങളില്‍നിന്ന് കുറഞ്ഞത് പത്ത് ട്രാക്ടര്‍ വീതമാണ് ഡല്‍ഹിയിലേക്ക് നീങ്ങിയിട്ടുള്ളത്.
റിപ്പബ്ലിക് ദിനത്തിലെ ഔദ്യോഗിക റാലിയേക്കാള്‍ ശ്രദ്ധ കിസാന്‍ പരേഡിന് ലഭിക്കുമോയെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ മരവിപ്പിക്കാമെന്ന വാഗ്ദാനത്തിലേക്ക് എത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് പരേഡ് ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ്. കര്‍ഷകര്‍ ഈ ഉപാധിയും നിരാകരിച്ചതോടെ കേന്ദ്രം വഴങ്ങേണ്ടിവന്നു. കോര്‍പറേറ്റ് പ്രീണന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബിജെപി സര്‍ക്കാരിന് ശക്തമായ താക്കീതാകും ട്രാക്ടര്‍ റാലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..