23 January Saturday

പരസ്‌പരവിരുദ്ധ പ്രസ്‌താവനകൾ നടത്തി നേതാക്കൾ; ബിജെപി പോര്‌ ഒതുക്കാൻ നദ്ദ വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ഗ്രൂപ്പ്‌പോരും തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയേയും തുടർന്ന്‌ നിർജീവമായ കേരളത്തിലെ ബിജെപിയെ സജീവമാക്കാൻ അഖിലേന്ത്യാ പ്രസിഡന്റ്‌ ജെ പി നദ്ദ എത്തുന്നു. ഫെബ്രുവരി 3, 4 തീയതികളിൽ നദ്ദ ബിജെപി ആർഎസ്‌എസ്‌ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.  നദ്ദയുടെ വരവിന്‌‌ മുന്നോടിയായി 29ന്‌  തൃശൂരിൽ സംസ്ഥാന കമ്മിറ്റി ചേരും.   സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനും മറ്റ്‌ വി മുരളീധരവിരുദ്ധ നേതാക്കളുമുയർത്തിയ വെല്ലുവിളിയെത്തുടർന്ന്‌  തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വലിയ തിരിച്ചടിയാണുണ്ടായത്‌‌. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിരവധി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പ്‌തോൽവി സംബന്ധിച്ച്‌ നേതാക്കൾ പരസ്‌പരവിരുദ്ധ പ്രസ്‌താവനകളാണ്‌ നടത്തുന്നത്‌.   പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന്‌ ഒ രാജഗോപാലും എം ടി രമേശും‌ അടക്കമുള്ളവർ പരസ്യമായി പറഞ്ഞു. ശോഭ സുരേന്ദ്രൻ ഉയർത്തിയ വിമർശനങ്ങൾ പരിശോധിക്കേണ്ടതാണെന്നും ഇവർ പറഞ്ഞിരുന്നു.  എന്നാൽ ബിജെപി മികച്ച വിജയമാണ്‌ നേടിയതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രന്റെ നിലപാട്‌. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉൾപ്പെടെ  മുതിർന്ന നേതാക്കളെല്ലാം  തയ്യാറെടുക്കുകയാണ്‌. നേമത്ത്‌ ഒ രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരൻ മത്സരിപ്പിക്കാനൊരുങ്ങുകയാണ്‌.  ശോഭ സുരേന്ദ്രന്‌ സീറ്റ്‌ നൽകുമോ എന്നത്‌ ഉറപ്പായിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top