നിയമസഭാ സീറ്റുകൾ മോഹിച്ച് പാർടിയിലെത്തിയ നേതാക്കളെ തൃപ്‌തിപ്പെടുത്താനാവാതെ പി ജെ ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരിഗണന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകില്ലെന്ന് ഉറപ്പായിട്ടും പിന്നാലെ തിരക്കു കൂട്ടുന്നവരുടെ എണ്ണത്തിന് കുറവില്ല.
പാർടിയിൽ ഉള്ളവർക്കും ചേക്കേറിയവർക്കുമായി 15 സീറ്റാണ് ആവശ്യപ്പെടുന്നതെങ്കിലും അഞ്ചോ ആറോ സീറ്റേ കിട്ടൂ എന്നാണറിയുന്നത്. ചങ്ങനാശേരി, ഏറ്റുമാനൂർ, ഇടുക്കി, മൂവാറ്റുപുഴ സീറ്റുകൾ കോൺഗ്രസ് പടിച്ചെടുത്തേക്കും. നിലവിൽ പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർ ഉറപ്പായും മത്സരിക്കും. ഒപ്പമെത്തുന്ന ഒരാൾക്കുകൂടി സീറ്റെന്ന ഉറപ്പിലാണ് ജോണി നെല്ലൂരും സംഘവും ലയിച്ചത്. കെ ഫ്രാൻസിസ് ജോർജ്, മാത്യു സ്‌റ്റീഫൻ, ജോസ് പക്ഷത്തുനിന്നെത്തിയ ജോസഫ് എം പുതുശേരി, തോമസ് ഉണ്ണിയാടൻ, പ്രിൻസ് ലൂക്കോസ് എന്നിവർക്കു പുറമെ സജി മഞ്ഞക്കടമ്പൻ, ജോയി എബ്രഹാം, സാജൻ ഫ്രാൻസിസ്, വിക്ടർ ടി തോമസ്, അപു ജോൺ ജോസഫ് എന്നിവരെല്ലാം സീറ്റ് നോക്കി നിൽപുണ്ട്.
മൂവാറ്റുപുഴയിൽ വലിയ നിര
ജോസഫ് വിഭാഗവും കോൺഗ്രസും ഒരുപോലെ ഒന്നിലേറെ നേതാക്കൾ കണ്ണുവച്ച് ഇറങ്ങിയ മണ്ഡലമായി മൂവാറ്റുപുഴ. ജോസഫ് ഗ്രൂപ്പിലെ ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, കോൺഗ്രസിലെ ജോസഫ് വാഴയ്‌ക്കൻ, മാത്യു കുഴൽനാടൻ എന്നിവർ മൂവാറ്റുപുഴയ്‌ക്കായി ആഞ്ഞുപിടിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..