രാജ്യത്തിന്റെ നൈപുണ്യ തൊഴിൽ കേന്ദ്രമാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ദേശീയ–-അന്തർദേശീയ അക്കാദമിക സമൂഹം. സാധ്യതകളെ സമയബന്ധിതമായി ഉപയോഗപ്പെടുത്തുകയാണ് പ്രധാനം. വൈജ്ഞാനിക സമ്പദ്‌ഘടനയിലേക്കുള്ള മാറ്റമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന ബജറ്റിലെ നിർദേശങ്ങൾ അടുപ്പിക്കുന്നു. ‘വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ മാറ്റാനുള്ള മുന്നൊരുക്കം’ അന്താരാഷ്‌ട്ര വെബിനാറിന്റെതാണ് വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ രഗത്തെ പുനഃസംഘടിപ്പിക്കുന്നത് വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിലുള്ള സുപ്രധാന തീരുമാനങ്ങളിലൊന്നാണെന്ന് അധ്യക്ഷനായ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
വിജ്ഞാനരംഗത്ത് കൂടുതൽ സർക്കാർ മുതൽമുടക്കുവേണമെന്ന് ഡെൻമാർക്ക് ആൽബർഗ് യൂണിവേഴ്‌സിറ്റിയിലെ എമിറേറ്റ്‌സ് പ്രൊഫസർ ബന്റ് ആക്വേ ലുൻഡ്വാൾ പറഞ്ഞു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, കെഡിസ്‌ക് ചെയർമാൻ ഡോ. കെ എം എബ്രഹാം, ജി-ടെക് ജോയിന്റ് സെക്രട്ടറി ദീപു സക്കറിയ എന്നിവർ സംസാരിച്ചു. ഗിഫ്റ്റ് ഡയറക്ടർ കെ. ജെ ജോസഫ് സ്വാഗതവും ഐ ടി അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വിഎസ്‌എസ്‌സി ഡയറക്ടർ എസ് സോമനാഥ്, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം എസ് രാജശ്രീ, കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. കെഎസ്‌ഐടിഐഎൽ എംഡി ഡോ. ജയശങ്കർ പ്രസാദ്, കെൽട്രോൺ എംഡി ടി ആർ ഹേമലത, കൊക്കോണിക്‌സ് സിഇഒ ശ്രീജിത് നായർ, ടോക്കിയോ ഹൊസായി സർവകലാശാലയിലെ പ്രൊഫ. ഹിഡേക്കി ഇശോ, ഗിഫ്‌റ്റ് ഓണററി പ്രൊഫ. ജി വിജയരാഘവൻ, മലേഷ്യയിലെ മലയാ സർവകലാശാലയിലെ പ്രൊഫ. രാജാ രാസയ്യ, എസ്‌എഫ്‌ഒ ടെക്‌നോളജീസ് സിഇഒ പ്രിൻസ് ജോസഫ്, ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷ് സർവകലാശാലയിലെ പ്രൊഫ. രസികൻ മഹാരാജ്, കേരള സ്‌റ്റാർട്ടപ് മിഷൻ പ്രോജക്ട് ഡയറക്ടർ ടോം തോമസ്, ഒക്‌സ്‌ഫോർഡ് സർവകലാശാല ടെക്‌നോളജി ആൻഡ് മാനേജുമെന്റ് ഫോർ ഡെവലപ്പ്‌മെന്റ് സെന്റർ ഡയറക്ടർ സിയാലൻ ഫൂ, ടെറുമോ പെൻപോൾ എംഡി ചന്ദ്രശേഖര ബാലഗോപാൽ, റഷ്യയിലെ സ്‌റ്റേറ്റ് ടെക്‌നിക്കൽ സർവകലാശാലയിലെ പ്രൊഫ. നൈന കസക്കോവ, ക്ലാപ്പ് റിസർച്ച് സിഇഒ അനൂപ് അംബിക, ഡെൻമാക്കിലെ ആൽബോർഗ് സർവകലാശാലയിലെ പ്രൊഫ. റാസ്‌മസ് ലെമ, നെതർലെൻഡ്‌സ് യുണൈറ്റഡ് നേഷൻസ് സർവകലാശാലയിലെ ഡോ. നന്ദിത മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..