തിരുവനന്തപുരം
അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ 25,000 കോടി രൂപയുടെ നിർമാണങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർ- തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലം നിർമിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷനാണ് 251.48 കോടി മുതൽമുടക്കുള്ള പ്രവൃത്തികളുടെ നിർമാണ ചുമതല. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമാണം. എല്ലായിടത്തും രണ്ടുവരി നടപ്പാതയും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലിലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നിർമാണമാണ്. കിഫ്ബി, റീബിൽഡ് കേരള, കെഎസ്ടിപി, വാർഷിക പദ്ധതികൾ എന്നിവ വഴി 25,000 കോടി രൂപയുടെ നിർമാണങ്ങളാണ് പുരോഗമിക്കുന്നത്. 2021–-22 ൽ 10,000 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കും. ഈ വർഷം 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..