ന്യൂഡല്‍ഹി > കര്‍ഷകദ്രോഹനിയമങ്ങള്‍ക്ക് എതിരായ മഹാപ്രക്ഷോഭത്തിന് അഖിലേന്ത്യാതലത്തില്‍ പിന്തുണ ശക്തമാകുന്നു. മഹാരാഷ്ട്ര, തെലങ്കാന, ചെന്നൈ, ജമ്മുകശ്മീര്‍, അസം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
കര്‍ഷകനിയമങ്ങള്‍ക്ക് എതിരായ സന്ദേശം പ്രചരിപ്പിക്കാന്‍ തെലങ്കാനയില്‍ നടക്കുന്ന ബസ്റാലിക്കും ട്രാക്ടര്‍റാലിക്കും ജനങ്ങള്‍ ആവേശ്വോജ്ജല വരവേല്‍പ്പ് നല്‍കി. ഖമാം ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ ആയിരകണക്കിനാളുകള്‍ ബസ്റാലിയെ സ്വീകരിച്ചു. തെലങ്കാന സംസ്ഥാന ഋതു സംഘം സെക്രട്ടറി ടി സാഗറിന്റെ നേതൃത്വത്തില്‍ മുന്നേറുന്ന റാലി 22 ജില്ലകള്‍ പിന്നിട്ടാണ് ഖമാമില്‍ എത്തിയത്. എന്‍കൂര്‍, തല്ലഡാ, വൈറാ, ബോണക്കല്‍, തെല്‍ഡ്രാപള്ളി, കുസുമഞ്ജി മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ റാലിയെ വിവിധ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന സംഘടനകളുടെ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് സ്വീകരിച്ചത്. ഋതുസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് നുണ്ണ നാഗേശ്വരറാവു, ഖമാം ജില്ലാസെക്രട്ടറി എം രമേശ്, ജില്ലാപ്രസിഡന്റ് ബൊന്തുരാംബാബു എന്നിവര്‍ പങ്കെടുത്തു.

തെലങ്കാനയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്‌സിസി) ആഭിമുഖ്യത്തില്‍ പ്രകാശം ജില്ലയിലെ ഒങ്കോളില്‍ ട്രാക്ടര്‍റാലി സംഘടിപ്പിച്ചു. 200 ഓളം ട്രാക്ടറുകളും നൂറുകണക്കിന് വാഹനങ്ങളും റാലിയില്‍ പങ്കെടുത്തു. റാലിക്ക് പിന്നാലെ നഗരത്തില്‍ പൊതുയോഗവും നടന്നു. അഖിലേന്ത്യാ കിസാന്‍ സഭ ജോ.സെക്രട്ടറി വിജുകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. സിഐടിയു, എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബിഎസ്എന്‍എല്‍ഇയു, എഐഐഇഎ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും വനിതകളും പങ്കെടുത്തു.

നാസിക്കില്‍ പ്രക്ഷോഭവേദിയില്‍ കര്‍ഷകര്‍
മഹാരാഷ്ട്രയില്‍ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരകണക്കിന് ആളുകള്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച് തുടങ്ങി. നാസിക്കിലെ ഗോള്‍ഫ് ക്ലബ് മൈതാനത്ത് നിന്നും നൂറുകണക്കിന് ടെമ്പോകളിലാണ് കര്‍ഷകര്‍ മുംബൈയിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച്ച രാത്രി ഘട്ടാന്‍ദേവിയില്‍ തങ്ങിയ ശേഷം സംഘം രാവിലെ മുംബൈയിലേക്ക് തിരിക്കും.

കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്കുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം
ജമ്മുകശ്മീരില്‍ രാജ്ഭവന് മുന്നില്‍ കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും ധര്‍ണ നടത്തി. സിപിഐ എം നേതാവ് മുഹമദ് യൂസഫ് തരിഗാമി ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. ചെന്നൈയിലും രാജ്ഭവന് മുന്നില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ചും യോഗവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..