ന്യൂഡൽഹി > റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ പരേഡ് അലങ്കോലമാക്കാനും നേതാക്കളെ കൊലപ്പെടുത്താനും സർക്കാർ ഏജൻസികൾ പദ്ധതിയിട്ടതായി കർഷകസംഘടനകൾ. ട്രാക്ടർ പരേഡിനിടെ സംഘർഷം സൃഷ്ടിക്കുന്നതിനായി സിൻഘുവിലെ സമരകേന്ദ്രത്തിൽ നുഴഞ്ഞുകയറിയ തോക്കുധാരിയായ യുവാവിനെ കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കർഷകപ്രക്ഷോഭം അട്ടിമറിക്കാൻ സർക്കാർ ഏജൻസികൾ ശ്രമിക്കുകയാണെന്ന് കർഷകനേതാവ് കുൽവന്ത് സിങ് സന്ധു പറഞ്ഞു. കർഷകർ സദാ ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ പിടികൂടിയ യുവാവിനെ പൊലീസ് ചോദ്യംചെയ്‌തു വരികയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു.
പണവും തോക്കും കൊടുത്ത് പൊലീസ്
ട്രാക്ടർ റാലി അലങ്കോലപ്പെടുത്തുകയും കർഷകനേതാക്കളെ കൊലപ്പെടുത്തുകയുമായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ യുവാവ് സമ്മതിച്ചു. ഇതിനായി പൊലീസാണ് ദൗത്യമേൽപ്പിച്ചതെന്നും യുവാവ് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞു. സ്‌ത്രീകളടക്കം 10 പേർ സംഘത്തിലുണ്ട്. ഓരോരുത്തർക്കും പതിനായിരം രൂപ വീതം നൽകി. രണ്ടിടങ്ങളിലായി ആയുധങ്ങളും കൈമാറി. ജനുവരി 26ന് സംഘത്തിൽ പകുതിപേർ പൊലീസ് യൂണിഫോമിലാകും എത്തുക. ട്രാക്ടർ പരേഡ് മുന്നോട്ടുനീങ്ങിയാൽ ആദ്യം ആകാശത്തേക്ക് വെടിവയ്‌ക്കും. പിന്നീട് പ്രക്ഷോഭകരുടെ ഇടയിൽനിന്നും പൊലീസിനെ വെടിവയ്‌ക്കും. ഇതോടെ ഏറ്റുമുട്ടലുണ്ടായി പരേഡ് അലങ്കോലപ്പെടും. ജനുവരി 26ന് പ്രശ്‌നങ്ങളുണ്ടാകാൻ 90 ശതമാനവും സാധ്യതയുണ്ട്.
ജാട്ട് പ്രക്ഷോഭസമയത്തും പൊലീസിന്റെ നിർദേശപ്രകാരം പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അന്ന് പൊലീസ് യൂണിഫോമിലെത്തി പ്രക്ഷോഭകരെ ലാത്തിച്ചാർജ് ചെയ്തു. തുടർന്ന് വലിയ സംഘർഷമുണ്ടായി–- യുവാവ് പറഞ്ഞു. അതിനിടെ, പൊലീസിന് കൈമാറിയശേഷം യുവാവിന്റേതായി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കർഷകർ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും നിരപരാധിയാണെന്നുമാണ് അതിലെ അവകാശവാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..