തിരുവനന്തപുരം > പുതിയ കാർഷിക നിയമം രാജ്യത്തെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അവസ്ഥയിലേക്ക് കൊണ്ടുപോകുമെന്ന് കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. രാജ്‌ഭവനുമുമ്പിൽ സംയുക്ത കർഷക സമിതി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇനി കർഷകർ ഇല്ലാതാകും. വിദേശ കോർപറേറ്റുകൾക്ക് കീഴിലെ കീഴാളരായി കർഷകർ മാറും. സമാന നിയമം നടപ്പാക്കിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അവസ്ഥ അതാണ്.
എല്ലാ ജനാധിപത്യ മര്യാദകളും കേന്ദ്രസർക്കാർ ബലികഴിക്കുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ തേടിയില്ല. നിയമത്തിലെ പല കാര്യങ്ങളും സംസ്ഥാന സർക്കാരിന് പരമാധികാരമുള്ളതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിലങ്ങുവച്ചിരിക്കുകയാണ്. സുപ്രീംകോടതിയെ അടക്കം കേന്ദ്ര സർക്കാർ നിയന്ത്രിക്കും. അതിനാലാണ് നിയമത്തെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി സുപ്രീംകോടതി സമിതി രൂപീകരിച്ചതെന്നീം അദ്ദേഹം പറഞ്ഞു.
സത്യൻ മൊകേരി അധ്യക്ഷനായി. നീലലോഹിതദാസ് നാടാർ, അയത്തിൽ അപ്പുക്കുട്ടൻ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, തമ്പാനൂർ രാജീവ്, ബി ഡി മാസ്‌റ്റർ, എം കെ ദിലീപ് എന്നിവർ സംസാരിച്ചു. എം വിജയകുമാർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..