24 January Sunday
കേരളവികസനത്തിന്‌ പ്രതിപക്ഷം തുരങ്കം വച്ചു

സിപിഐ എം ഗൃഹസന്ദർശനം ഇന്നുമുതൽ ; ഭാവിയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാൻ സിപിഐ എം പ്രവർത്തകർ ഞായറാഴ്‌ച മുതൽ 31വരെ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.

സാമൂഹ്യ സുരക്ഷ, സമഗ്ര വികസനം, മതനിരപേക്ഷത എന്നിവയിലൂന്നിയുള്ള സർക്കാർ നയമാണ്‌ ജനങ്ങളുമായി ചർച്ച ചെയ്യുക. ഭാവിയിൽ നടപ്പാക്കേണ്ട കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങളിൽ‌ അഭിപ്രായം സ്വരൂപിക്കാനാണ്‌ പ്രവർത്തകർ വീട്ടിലെത്തുന്നതെന്ന്‌  സംസ്ഥാന സെക്രട്ടറി‌യറ്റ്‌‌ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.   

സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികൾക്ക്  ജനങ്ങൾ‌ നൽകിയ പിന്തുണയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. കോവിഡ്‌ കാലത്തും പ്രകൃതി ദുരന്ത സമയത്തും എടുത്ത നടപടികൾക്കും വൻ സ്വീകാര്യത ലഭിച്ചു. ഒരുതരം വർഗീയതയുമായും എൽഡിഎഫ്‌ സർക്കാർ സന്ധിചെയ്‌തില്ല. തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ  ഭിന്നിപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധിച്ചു‌. അതിനെ ദുർബലപ്പെടുത്താൻ മതാധിഷ്‌ഠിത രാഷ്‌ട്രീയ കൂട്ടുകെട്ടുകൾക്കാണ്‌ യുഡിഎഫ്‌ തയ്യാറായത്‌. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ്‌ അവർ പ്രവർത്തിച്ചത്‌. അതിനവർ ബിജെപിയുമായി സന്ധി ചെയ്‌തു.

പ്രതിപക്ഷം ഒരു ഘട്ടത്തിലും സാധാരണക്കാരന്റെ താൽപ്പര്യത്തിനൊപ്പം നിന്നില്ല. ഘടകകക്ഷിയായ ലീഗിനെ ഉപയോഗപ്പെടുത്തി  ജമാ അത്തെ ഇസ്ലാമി പോലുള്ളവരെക്കൂടി സ്വന്തം പക്ഷത്തേ‌ക്ക്‌ കൊണ്ടുവരാൻ ശ്രമിച്ചു.  ഈ അവസരവാദ നീക്കങ്ങളെ കേരളീയ സമൂഹത്തിൽ തുറന്നുകാണിക്കാനും  എൽഡിഎഫ്‌ പ്രചാരണം നടത്തും. എൽഡിഎഫ്‌ യോഗം 27ന്‌ രാവിലെ 10ന്‌ തിരുവനന്തപുരത്ത്‌ ചേരും.  അഞ്ചുവർഷത്തെ അനുഭവ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ തുടർ ഭരണം ഉറപ്പാക്കാനുള്ള സജീവമായ പ്രവർത്തനത്തിൽ അണിനിരക്കാനാണ്‌ സിപിഐ എമ്മും എൽഡിഎഫും പരിപാടി ആസൂത്രണം ചെയ്യുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top