ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് എൽഡിഎഫ് ശക്തമായി തിരിച്ചുവന്നതെന്ന് കെപിസിസി ഭാരവാഹിയോഗത്തിൽ അഭിപ്രായം. കിറ്റ് കൊടുത്താണ് എൽഡിഎഫ് വിജയം നേടിയതെന്ന് ആക്ഷേപിക്കുന്നതിൽ കഴമ്പില്ലെന്നും ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനം കണ്ടുപഠിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസ് സജീവമായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽചേർന്ന യോഗത്തിലാണ് കോൺഗ്രസിന്റെ സംഘടനാവീഴ്‌ചയെ പരോക്ഷമായി വിമർശിച്ച് ചെന്നിത്തല ആഞ്ഞടിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രിയും ഹൈക്കമാൻഡ് പ്രതിനിധിയുമായ അശോക് ഗെലോട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും സംസാരിച്ചശേഷം മാധ്യമങ്ങളെ ഒഴിവാക്കി. ഇതിനുശേഷമാണ് ചെന്നിത്തല സംസാരിച്ചത്.
യോഗത്തിൽ സംസാരിച്ച മറ്റ് പലരും ചെന്നിത്തലയുടെ അഭിപ്രായം ശരിവച്ചു. എന്നാൽ, എൽഡിഎഫിനെ വാഴ്‌ത്തുന്നതിനുപകരം സ്വന്തം ബലഹീനത പരിഹരിക്കാനാണ് പരിശ്രമിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താഴേതലത്തിൽ സംഘടന ചലിപ്പിക്കാൻ ഡിസിസികൾ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന ചെന്നിത്തലയുടെ വിമർശനം മുല്ലപ്പള്ളിയും ശരിവച്ചു.
മാധ്യമപിന്തുണയോടെ ചർച്ച നടത്തി സീറ്റ് ഉറപ്പിക്കുന്ന രീതി വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം. ആരും സ്വയംപ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്നും അതിന് പ്രമേയം ഇറക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. വിജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ലെന്ന അവരുടെ വാദം മുല്ലപ്പള്ളി ഒഴികെയുള്ള സംസ്ഥാന നേതാക്കളാരും ഏറ്റുപിടിച്ചില്ല. ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കം ഇക്കാര്യത്തിൽ മൗനം പാലിച്ചു.
പ്രവർത്തകർക്ക് വീഴ്‌ച
തിരുവനന്തപുരം
പ്രതിപക്ഷമെന്ന നിലയിൽ തന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം പരിപൂർണ വിജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താഴേത്തട്ടിൽ സംഘടന ചലിക്കാത്ത സാഹചര്യത്തിൽ പ്രവർത്തകരുടെ വീഴ്‌ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം കെപിസിസി യോഗത്തിൽ കുറ്റപ്പെടുത്തി.
എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കോൺഗ്രസിന്റെ സംഘടനാപരമായ വീഴ്‌ചകളും ബഹലഹീനതയുമാണ് ചെന്നിത്തല ഉന്നയിച്ചത്.
അതേസമയം, തന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐശ്വര്യകേരള യാത്ര പാളിപ്പോകാതിരിക്കാനുള്ള മുൻകരുതലാണ് ചെന്നിത്തലയുടെ വിമർശനമെന്ന് എ ഗ്രൂപ്പ് വിലയിരുത്തുന്നു. താഴേത്തട്ടിൽ പ്രവർത്തനം സജീവമാക്കിയില്ലെങ്കിൽ യാത്ര നനഞ്ഞ പടക്കമാകുമെന്ന് വ്യക്തമാണ്. യാത്ര പാളാതിരിക്കാനുള്ള മുന്നൊരുക്കവും പാളിയാൽ മുൻകൂർ ജാമ്യവുമാണ് ചെന്നിത്തലയുടെ വിമർശനമെന്നാണ് ആക്ഷേപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..