കൊച്ചി
വിഴിഞ്ഞം തുറമുഖനിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ കമീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ തുറമുഖമന്ത്രി കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപ്പര്യഹർജിയിലാണ് സർക്കാർ വിശദീകരണം. അന്വേഷണത്തിന് അനുമതി നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുറമുഖ കരാർ അദാനിക്ക് നൽകിയതിൽ വൻ അഴിമതിയും കോഴയും ഉണ്ടെന്നും സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലിം സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ് സർക്കാർ നടപടി. കരാറിലെ നിർദേശങ്ങൾക്കുവിരുദ്ധമായി ഇളവുകൾ അനുവദിച്ചത് അദാനിക്ക് സാമ്പത്തികനേട്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം. സംസ്ഥാനം അദാനിക്ക് തീറെഴുതിയെന്ന് കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് പരാമർശിച്ചതോടെയാണ് ജസ്‌റ്റിസ് രാമചന്ദ്രൻനായർ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.
ആദ്യ 10 വർഷത്തിനുള്ളിൽത്തന്നെ സർക്കാരിന് 23,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു സിഎജി റിപ്പോർട്ട്.
തുറമുഖത്ത് പുലിമുട്ടും മത്സ്യബന്ധന തുറമുഖവും നിർമിക്കുന്നതിന് 747 കോടിയാണ് കൺസൾട്ടന്റ് നിർദേശിച്ചത്. എന്നാൽ, തുക 1463 കോടിയാക്കി ഉയർത്തി നിർമാണം അദാനിക്ക് നേരിട്ട് നൽകി. ഒറ്റ ടെൻഡർമാത്രമുള്ള പദ്ധതിയിൽ തുക വർധിപ്പിച്ചത് വേണ്ടത്ര പരിശോധനയോ വിലയിരുത്തലോ നടത്താതെയാണെന്നാണ് കമീഷന്റെ കണ്ടെത്തൽ.
പൊതു -സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ കാലാവധി രാജ്യത്ത് 30 വർഷമാണെന്നിരിക്കെ, 40 വർഷമാക്കി നീട്ടിയത് അദാനിക്ക് നേട്ടമുണ്ടാക്കിയതായും കമീഷൻ വിലയിരുത്തി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ എം ഷഫീഖും പി ഗോപിനാഥുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാർ തീരുമാനം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..