നിയോജക മണ്ഡലാടിസ്ഥാനത്തിൽ കോൺഗ്രസ് വിളിച്ച യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പാർടി ആലപ്പുഴ ജില്ലാ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശം. മാവേലിക്കര എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിനെ സംഘടനാകാര്യങ്ങളിൽ അടുപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ജില്ലയിൽനിന്നുള്ള എംഎൽഎയായിരുന്ന തന്നെയും ചെന്നിത്തലയുടെ അനുയായി എം ലിജു പ്രസിഡന്റായ ഡിസിസി പരിഗണിക്കുന്നില്ലെന്ന് പി സി വിഷ്‌ണുനാഥിനും ആക്ഷേപമുണ്ട്.
ലോക്‌സഭാംഗമെന്ന നിലയിൽ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ തനിക്കുളള സ്വാധീനം എല്ലാവരും മനസിലാക്കിയാൽ കൊള്ളാമെന്ന നിലയിലാണ് കൊടിക്കുന്നിലിന്റെ നിലപാട്. ‘‘ഗസ്‌റ്റ് ആർടിസ്‌റ്റായാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തന്നെ കാണുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കുള്ള ബന്ധം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയില്ല. വരുന്ന തെരഞ്ഞെടുപ്പ് ഒരുക്കത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇങ്ങനെ പോയാൽ വരുന്ന തെരഞ്ഞെടുപ്പിലും തോറ്റുതൊപ്പിയിടും’’–- നിയോയാജക മണ്ഡലം പ്രവർത്തകയോഗങ്ങളിൽ കൊടിക്കുന്നിൽ തുറന്നടിച്ചു.
രമേശ് ചെന്നിത്തലയും അദ്ദേഹത്തിനൊപ്പമുള്ള കെപിസിസി ജനറൽസെക്രട്ടറി ബി ബാബുപ്രസാദ്, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവർ നിശ്‌ചയിച്ച കാര്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്നത്. ആര് ജയിച്ചാലും തോറ്റാലും വേണ്ടില്ല തങ്ങളുടെ അനുയായികൾക്ക് മത്സരിക്കണമെന്നാണ് ഇവർ ശഠിക്കുന്നത്. ജില്ലയുടെ ചരിത്രത്തിലെ കനത്ത പരാജയമാണ് ഈ നേതാക്കൾ നേടിതന്നതെന്നും കൊടിക്കുന്നിലും അദ്ദേഹത്തെ അനുകൂലിക്കുന്നവരും യോഗങ്ങളിൽ പറഞ്ഞു.
എ കെ ആന്റണിയുടെയും വയലാർ രവിയുടെയും ജില്ലയായ ആലപ്പുഴയിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കോൺഗ്രസിനുണ്ടായ പതനത്തിനുകാരണം ചെന്നിത്തലയുടെ സമീപനങ്ങളാണെന്ന വിമർശവും മണ്ഡലം യോഗങ്ങളിലുണ്ടായി.
എഐസിസി സെക്രട്ടറി പി വിശ്വനാഥ്, കെപിസിസി ജനറൽ സെക്രട്ടറി പാലോട് രവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചെന്നിത്തല വിരുദ്ധചേരിയുടെ വിമർശം. ചെന്നിത്തല–- ലിജു അച്ചുതണ്ടിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്‌ണുനാഥ്, മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ഡി സുഗതൻ എന്നിവരും കരുനീക്കം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..