21 January Thursday

വിസാ മാറ്റം: കുവൈത്തില്‍ അക്കാദമിക് യോഗ്യത നിബന്ധമാക്കുന്നു

ടിവി ഹിക്മത്ത്Updated: Thursday Jan 21, 2021
 
കുവൈത്ത് സിറ്റി > കുവൈത്തില്‍ വിസ മാറാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും ആവശ്യമായ അക്കാദമിക്  യോഗ്യത നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 34 തസ്തികകളിലാണ് ഈ നിബന്ധന നിര്‍ബന്ധമാക്കുക. 
 
സ്വകാര്യ മേഖലയില്‍ റെസിഡന്‍സ് പെര്‍മിറ്റ് മാറ്റത്തിന് മുന്‍പ് ഡിപ്ലോമയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ അതിന് അംഗീകാരം വാങ്ങിയിരിക്കണമെന്ന് മാനവശേഷി പൊതു അതോറിറ്റി അറിയിച്ചു. 
 
അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, മാനേജര്‍, സ്‌പെഷലിസ്റ്റ്, ടെക്‌നീഷ്യന്‍, പ്രഫഷനല്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക്, സെയില്‍സ് ആന്‍ഡ് സര്‍വിസ് ജീവനക്കാര്‍ തുടങ്ങിയവ പുതിയ നിബന്ധനക്കു കീഴില്‍ വരും. ഈ വിഭാഗങ്ങളില്‍ ആവശ്യമായ അക്കാദമിക് യോഗ്യത ഇല്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 
 
സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുക, കാര്യശേഷിയുള്ള  തൊഴിലാളികളെ മാത്രം നില നിര്‍ത്തുക എന്നീ നയങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.
 
സര്‍ക്കാര്‍ തീരുമാനം നിര്‍ബന്ധമാക്കിയാല്‍ നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാതെ വരും. എന്‍ജിനീയര്‍മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന യോഗ്യത പരീക്ഷ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനയും സര്‍ക്കാര്‍ തലങ്ങളില്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സ് കഴിഞ്ഞതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്.  
 
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടമാകുന്ന സാഹചര്യം നിലനില്‍ക്കെ ഇത്തരം നടപടികള്‍ നിലവിലുള്ള ജോലിയും നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top