തിരുവനന്തപുരം
അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ചയ്‌ക്കെടുത്തതിൽ എൽഡിഎഫ് സർക്കാരിന് റെക്കോഡ് . ആറ് അടിയന്തര പ്രമേയമാണ് ഈ സർക്കാർ ചർച്ചയ്‌ക്ക് എടുത്തത്. ഇതിൽ രണ്ടെണ്ണം കിഫ്‌ബിയുമായി ബന്ധപ്പെട്ടതും. സുപ്രധാന വിഷയങ്ങളിൽനിന്ന് സർക്കാർ ഓടിയൊളിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. കേരള രൂപീകരണത്തിനുശേഷം ബുധനാഴ്‌ചയിലേതുൾപ്പെടെ 30 അടിയന്തര പ്രമേയമാണ് സഭ നിർത്തിവച്ച് ചർച്ചയ്‌ക്കെടുത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, ചർച്ചയ്‌ക്കെടുത്തത് അഞ്ചെണ്ണംമാത്രം. ഇതിൽ ഒന്ന് കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ.
കേരള നിയമസഭയിൽ ആദ്യ അടിയന്തര പ്രമേയം ചർച്ചചെയ്‌തത് 1958 ഫെബ്രുവരി 28നാണ്. എറണാകുളത്ത് വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിച്ചാർജ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ വിശ്വനാഥനായിരുന്നു നോട്ടീസ് നൽകിയത്. 1971 ഒക്‌ടോബർ 31ന് ഇ എം എസ് നൽകിയ അടിയന്തര പ്രമേയവും ചർച്ചയ്‌ക്കെടുത്തു. റേഷനരിയുടെ വിലക്കയറ്റമായിരുന്നു വിഷയം. 1974 ഏപ്രിൽ 17ന് വിലക്കയറ്റവുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദനും 1995 ഏപ്രിൽ 25ന് ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പിണറായി വിജയനും 2004 ജൂലൈ 24ന് രജനി എസ് ആനന്ദിന്റെ ആത്മഹത്യക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വേട്ടയാടിയ പൊലീസ് നടപടിക്കെതിരെ കോടിയേരി ബാലകൃഷ്‌ണനും നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവച്ച് ചർച്ച ചെയ്‌തിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയ മിക്ക പ്രമേയങ്ങളും അടിസ്ഥാന രഹിതമായ വിഷയങ്ങളും അടിയന്തര പ്രാധാന്യവുമില്ലാത്തതുമായിരുന്നു. പ്രതിപക്ഷത്തിന്റെ വിഷയ ദാരിദ്ര്യം ഇവയിൽ പ്രതിഫലിച്ചു. എന്നിട്ടും ആറ് അടിയന്തര പ്രമേയങ്ങൾ ചർച്ചയ്‌ക്കെടുത്തുവെന്നത് സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നതിന് തെളിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..