21 January Thursday

മുണ്ടക്കയത്ത്‌ മകൻ പൂട്ടിയിട്ട അച്ഛന്റെ മരണം പട്ടിണി കിടന്ന്‌; പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021

മുണ്ടക്കയം > മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട എണ്‍പത് വയസുകാരന്‍ പൊടിയന്‍റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയെന്ന് സൂചന നല്‍കി പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.

ഏറെ ദിവസം പൊടിയന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ എല്ലാം ചുരുങ്ങിയ നിയലാണ്. ഇത് ഭക്ഷണം കഴിക്കാത്തതിനാലാണോ എന്ന് സ്ഥിരീകരിക്കാനാണ് രാസപരിശോധന നടത്തുന്നത്. പൊടിയന് ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും ഇതിലൂടെ വ്യക്തമാകും.

ചൊവ്വാഴ്‌ച‌യാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇളയ മകന്‍ റെജിയോടൊപ്പമാണ് വൃദ്ധമാതാപിതാക്കള്‍ താമസിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയന്‍ മരിച്ചു. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മകന്‍ റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇളയ മകൻ റജിയുടെ ഒപ്പമാണ്‌ ഇവർ കഴിഞ്ഞിരുന്നത്‌.‌ മാസങ്ങളായി നേരാംവണ്ണം ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ല. സ്ഥിരം മദ്യപാനിയാണ്‌ റജിയെന്ന്‌ സമീപവാസികൾ പറഞ്ഞു. ഭർത്താവിന്റെ ദാരുണമായ സ്ഥിതി നോക്കിനിന്ന 76 വയസ്സുള്ള  അമ്മിണിക്ക് മാനസികനില തെറ്റി.

അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും ജോലികൾ ചെയ്യാനാകാതായി. ഇതോടെ ഇവർ ഒറ്റപ്പെട്ടു. റെജിയും ഭാര്യ ജാൻസിയും പണിക്ക് പോകും. അച്ഛനമ്മമാരെ ആരും നോക്കാതായി. റജിക്കും ജാൻസിക്കുമെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top