‘എല്ലാവർക്കും ജോലിയില്ല. ഉള്ളവർക്ക് കൃത്യമായി ശമ്പളവുമില്ല. ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കഷ്‌ടമാണ് അവിടെ കാര്യങ്ങൾ’. കേരളത്തിലെത്തിയ കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാർ ദുരിതങ്ങളുടെ കെട്ടഴിച്ചു. കോവിഡ് കാലത്തെ കേരള ആർടിസിയുടെ പ്രവർത്തനവും സർക്കാർ ഇടപെടലും പഠിക്കാൻ എത്തിയ സംയുക്ത ട്രേഡ് യൂണിയൻ സംഘാംഗങ്ങളാണിവർ.
‘കഴിഞ്ഞ മാസം പകുതി ശമ്പളമാണ് കിട്ടിയത്. കോവിഡിനുശേഷം തുടർച്ചയായി ശമ്പളം മുടങ്ങുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ഏപ്രിൽ, മെയ് മാസം മാത്രമാണ് പൂർണമായി ശമ്പളം ലഭിച്ചത്–-കർണാടക സ്‌റ്റേറ്റ് ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എച്ച് മഞ്ജുനാഥ് പറഞ്ഞു. ഒന്നേകാൽ ലക്ഷം ജീവനക്കാരുണ്ട് കർണാടക ആർടിസിയിൽ. ജൂൺ മുതൽ ഭാഗികമായി സർവീസ് ആരംഭിച്ചു. എന്നാൽ ഭൂരിപക്ഷം പേർക്കും ഡ്യൂട്ടി കിട്ടിയില്ല. ഡ്യൂട്ടി ലഭിക്കാത്തവർക്ക് അവധിയായി കണക്കാക്കിയതോടെ ശമ്പളവും മുടങ്ങി. ഡീസൽ വില കൂടിയതോടെ പ്രതിസന്ധി രൂക്ഷമായി. ഈ ഘട്ടത്തിലും കോർപറേഷന് ധനസഹായം നൽകാൻ ബിജെപി സർക്കാർ തയ്യാറായില്ല. വർഷങ്ങളായി യൂണിയനുകളുടെ റഫറണ്ടവും നടക്കുന്നില്ല.
കഴിഞ്ഞ മാസം നാല് ദിവസം തൊഴിലാളികൾ പണിമുടക്കി. പണിമുടക്കിനെ എസ്‌മ ഉൾപ്പെടെ കരിനിയമം ഉപയോഗിച്ചാണ് സർക്കാർ നേരിട്ടത്. നടപടികളെ ബിഎംഎസ് മാത്രമാണ് അനുകൂലിച്ചത്–- മഞ്ജുനാഥ് തുടർന്നു. കർണാടകത്തിൽ തൊഴിലാളി വിരുദ്ധ നടപടികളിൽ മൗനം പാലിക്കുന്ന ബിഎംഎസ് കേരളത്തിൽ കെഎസ്‌ആർടിസിയെ പരിഷ്‌കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധത്തിലാണ്. കേരളത്തിൽ കോവിഡ് കാലത്ത് സർവീസ് മുടങ്ങിയെങ്കിലും എല്ലാ ജീവനക്കാർക്കും സർക്കാർ സഹായത്താൽ ശമ്പളം നൽകി.
1500 രൂപവീതം ഇടക്കാലാശ്വാസവും നൽകുന്നുണ്ട്. ബജറ്റിൽ 1800 കോടി രൂപയാണ് കെഎസ്‌ആർടിസിക്കായി നീക്കിവച്ചത്. കർണാടക സംഘം പാപ്പനംകോട് സെൻട്രൽ വർക്‌ഷോപ് സന്ദർശിച്ചശേഷമാണ് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..