തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി വന്നതിൽ പുകഞ്ഞ് ഐ ഗ്രൂപ്പ്. രമേശ് ചെന്നിത്തലയ്‌ക്ക് അർഹമായ പരിഗണന കിട്ടിയേ തീരുവെന്ന വാദമുയർത്തി ഐ ഗ്രൂപ്പ് നീക്കം ശക്തമാക്കും. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി ഐ ക്യാമ്പ് പ്രചാരണം തുടങ്ങി.
മുസ്ലിംലീഗിന്റെ തന്ത്രമാണ് ഉമ്മൻചാണ്ടിയെ തുണച്ചതെന്ന് വെളിച്ചത്ത് വന്നതോടെ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങി. കൂട്ടായ നേതൃത്വത്തിന് വേണ്ടിയാണ് തങ്ങൾ വാദിച്ചതെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
ചെന്നിത്തലയെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ പറ്റില്ലെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ ആദ്യവെടി പൊട്ടിച്ചു. ചെന്നിത്തലയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കെ മുരളീധരനും ഒപ്പംകൂടി. ഉമ്മൻചാണ്ടി നേതൃത്വത്തിൽ വരുന്നതോടെ ഐ ഗ്രൂപ്പിൽനിന്ന് കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ഭയവും ചെന്നിത്തലയ്ക്കുണ്ട്. ഐ ഗ്രൂപ്പിലുള്ള കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവർ ചെന്നിത്തലയെ കൈവിട്ട അവസ്ഥയുമാണ്.
അതേസമയം എ ഗ്രൂപ്പിലെ പ്രബലനായിരുന്ന ബെന്നി ബഹനാൻ ഉമ്മൻചാണ്ടിയെയും കൈവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത്തരം മറുകണ്ടം ചാടലും തകൃതിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..