തിരുവനന്തപുരം
കോൺഗ്രസിന്റെ തലപ്പത്ത് ഉമ്മൻചാണ്ടിയെ അവരോധിച്ചത്, നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് പ്രചാരണം. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും 2006, 2011, 2016 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും സാക്ഷ്യപ്പെടുത്തിയാണ് ഹെെക്കമാൻഡിനടക്കം ഐ വിഭാഗം സന്ദേശം അയച്ചത്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 18 സീറ്റ് നേടിയപ്പോൾ എ കെ ആന്റണി മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനറുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് മാസങ്ങൾക്കുള്ളിൽ എ കെ ആന്റണിയെ കേന്ദ്രത്തിലേക്ക് ഓടിച്ചുവിട്ടു. മുസ്ലിംലീഗിന്റെ പിന്തുണയോടെ ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ നടത്തിയ നീക്കമാണ് ആന്റണിയെ തെറിപ്പിച്ചത്. തുടർന്ന്, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2006ൽ എൽഡിഎഫ് 99 സീറ്റ് നേടി അധികാരത്തിൽ വന്നത്. 2011ൽ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴാണ് എൽഡിഎഫ് തുടർ ഭരണത്തിന് അടുത്തെത്തിയത്. കേവലം രണ്ട് സീറ്റിന്റെ മുൻതൂക്കമാണ് അന്ന് യുഡിഎഫ് നേടിയത്.
നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഐ എം ആയിരുന്നു. 2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എൽഡിഎഫ് 91 സീറ്റ് നേടി അധികാരത്തിൽ വന്നത്. ചെന്നിത്തലയേക്കാൾ മികച്ചത് ഉമ്മൻചാണ്ടിയാണെന്ന വാദം കണക്കുകൾവച്ച് തള്ളുകയാണ് ഐ ഗ്രൂപ്പ് വൃത്തങ്ങൾ. എന്നാൽ, ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ചുവരുത്തി രമേശ് ചെന്നിത്തലയ്‌ക്ക് കെണിയൊരുക്കിയെന്നാണ് അവരുടെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..