20 January Wednesday

ഒടിടി റിലീസില്ല; മെയ് 28ന് 'കുറുപ്പ്' തീയറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളില്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം മെയ് 28ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിതിന്‍ കെ ജോസാണ് കഥ ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങെല്ലാം പൂര്‍ത്തിയായതാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top