തിരുവനന്തപുരം
യുഡിഎഫിന്റെ വിഷയ ദാരിദ്ര്യം വ്യക്തമാക്കി അടിയന്തര പ്രമേയ നോട്ടീസ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ഉദുമ എംഎൽഎ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്നാണ് നോട്ടീസ് നൽകിയത്. ഇതിൽ അടിയന്തര പ്രാധാന്യമില്ലെന്നും വിഷയം തെരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലാണെന്നും വ്യക്തമാക്കി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അവതരണാനുമതി നിഷേധിച്ചു. സബ്‌മിഷനായി ഉന്നയിക്കാൻ അനുമതിയും നൽകി.
സ്‌പീക്കർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ വെട്ടിലായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി. എന്നാൽ സ്‌പീക്കർ അടുത്ത നടപടിയിലേക്ക് കടന്നു. അതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നീട് ഇത് സബ്‌മിഷനായി അവതരിപ്പിച്ചു.
പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പറഞ്ഞു. ബൂത്തിൽ ചില വോട്ടർമാരും ഓഫീസറും തമ്മിലുള്ള തർക്കം ശ്രദ്ധയിൽപ്പെട്ടത് അന്വേഷിക്കുകയും അപ്പോൾതന്നെ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. കള്ളവോട്ട് ചെയ്‌ത പാരമ്പര്യം കോൺഗ്രസിനാണ്. ഉദുമ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ സുധാകരൻ കള്ളവോട്ടിന് പരസ്യമായി ആഹ്വാനംചെയ്‌തത് കോടതിയിൽ വിചാരണയിലാണെന്നും അദ്ദേഹം പറഞ്ഞു. സബ്‌മിഷന് മുഖ്യമന്ത്രി വിശദമായി മറുപടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..