കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻചാണ്ടി നിയോഗിക്കപ്പെടുമ്പോൾ നടപ്പാകുന്നത് മുസ്ലിം ലീഗിന്റെ തന്ത്രവും അജൻഡയും. ലീഗ് നിശ്ശബ്ദമായി നടത്തിയ നീക്കങ്ങളാണ് ഹൈക്കമാൻഡ് തീരുമാനമായി പുറത്തുവന്നത്. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതുമുതൽ ഇതിനുള്ള ഇടപെടൽ നടത്തി.
യുഡിഎഫിനെ, വിശിഷ്യാ കോൺഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നുവെന്നതിന് ആവർത്തിച്ചുള്ള തെളിവാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ലീഗ് നിശ്ചയിച്ചതായിരുന്നു ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും “വിധി’. ഫലം വിലയിരുത്താനെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിനോട് ലീഗ് നേതാക്കൾ കാര്യങ്ങൾ വ്യക്തമാക്കി.
മുല്ലപ്പള്ളിയോടുള്ള അപ്രിയം തുറന്നുപറഞ്ഞു. ചെന്നിത്തലക്ക് ‘റിസൽട്ടുണ്ടാക്കാനാകുന്നില്ലെ’ന്ന അഭിപ്രായവും പങ്കിട്ടു.
ജമാഅത്തെ ഇസ്ലാമി ബന്ധത്താൽ ക്രൈസ്‌തവ വിഭാഗങ്ങളിലുണ്ടായ നീരസവും ലീഗ് വാദത്തിന് ശക്തിപകരുന്ന ഘടകമായി. ഡൽഹിയിൽ എഐസിസിയുടെ തലപ്പത്തുള്ള ചിലരും ചെന്നിത്തലയെ വെട്ടാൻ കാത്തിരുന്നതോടെ ലീഗിന്റെ പണി എളുപ്പമായി.
‘കുഞ്ഞൂഞ്ഞ്–കുഞ്ഞാപ്പ’ സഖ്യം സജീവമാകുന്നതോടെ ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള ഐ ഗ്രൂപ്പ് ഇനി അപ്രസക്തമാകും. എ വിഭാഗവും ലീഗിലെ പ്രബലരും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രതിപക്ഷ നേതൃസ്ഥാനമടക്കം ഐ ഗ്രൂപ്പിന് കിട്ടാക്കനിയായേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..