ലണ്ടൻ
വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്‌ഠിക്കുന്ന ക്യൂബൻ ഡോക്ടർമാരുടെ സംഘടനയായ ഹെൻറി റീവ് മെഡിക്കൽ ബ്രിഗേഡിന് 2021ലെ സമാധാന നൊബേൽ പുരസ്‌കാരം നൽകണമെന്ന് യുവ ബ്രിട്ടീഷ് എംപി സാം റ്റാറിയും നോർവീജിയൻ അക്കാദമിക്ക് കത്തെഴുതി. ഇതോടെ ഈ ആവശ്യമുന്നയിച്ച ബ്രിട്ടീഷ് പാർലമെന്റംഗങ്ങളുടെ എണ്ണം ഇരുപതായി. ഇവരിൽ മൂന്ന് പേർ പ്രഭുസഭയിലെ അംഗങ്ങളാണ്.
ബ്രിട്ടനിലെ എട്ട് വിദ്യാഭ്യാസ വിദഗ്ധരും ഈ ആവശ്യമുന്നയിച്ച് നൊബേൽ സമിതിക്ക് എഴുതിയിട്ടുണ്ട്. മറ്റ് വിവിധരാജ്യങ്ങളിലെ പാർലമെന്റംഗങ്ങളും സാമൂഹ്യ പ്രവർത്തകരും മറ്റും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയിലെ ട്രംപ് സർക്കാർ ക്യൂബയെ ഭീകരവാദം പ്രോസാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കെയാണ് യുഎസിന്റെ പ്രധാന സഖ്യ രാജ്യങ്ങളിൽ പോലും ക്യൂബയ്‌ക്ക് പിന്തുണയേറുന്നത്.
2005ൽ സ്ഥാപിക്കപ്പെട്ട ഹെൻറി റീവ് മെഡിക്കൽ ബ്രിഗേഡ് പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ ബാധിച്ച 45ൽപരം രാജ്യങ്ങളിൽ രാഷ്‌ട്രീയാതിർത്തികൾക്ക് അതീതമായി സേവനമനുഷ്ഠിക്കുന്നതായി സാം റ്റാറി ചൂണ്ടിക്കാട്ടി. 2014ൽ പശ്ചിമാഫ്രിക്കയിൽ കോളറ പടർന്നപ്പോഴായാലും ഇപ്പോൾ വിവിധ ഭൂഖണ്ഡങ്ങളിൽ കോവിഡ് നേരിടുന്നതിലായാലും ക്യൂബൻ ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹമാണ്. നൊബേൽ പുരസ്‌കാരം അവരുടെ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന് അർഹിക്കുന്ന അംഗീകാരമാണെന്നും സാം റ്റാറി പറഞ്ഞു.
കോവിഡ് കാലത്ത് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കരീബിയനിലും ഏഷ്യയിലും യൂറോപ്പിലുമായി 10 ലക്ഷത്തിലധികമാളുകൾക്ക് ക്യൂബൻ ഡോക്ടർമാരുടെ സേവനം ലഭിച്ചിട്ടുണ്ട്. പെറു, ഖത്തർ, കുവൈത്ത്, സിയെറാ ലിയോൺ, കെനിയ, ഗിനി ബിസൗ എന്നീ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിയ ഡോക്ടർമാരുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ് കാനെൽ ശനിയാഴ്‌ച വീഡിയോ കോൺഫറൻസ് നടത്തി. അമേരിക്കയുടെ ദുഷ്‌പ്രചാരണം പരാജയപ്പെടുത്തുന്നതിൽ ഇവർ വലിയ പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..