നിലമ്പൂർ
ജനങ്ങളെ ഭീതിയിലാഴ്‌ത്തി നിലമ്പൂർ നഗരത്തിൽ കാട്ടാനയിറങ്ങി. ഞായാറാഴ്‌ച രാവിലെ ആറോടെ ചാലിയാർ കളത്തിൻകടവ് കടന്ന് എത്തിയ ഒറ്റക്കൊമ്പൻ ഒന്നര മണിക്കൂറോളം നഗരത്തെ വിറപ്പിച്ചു. വീടുകളുടെ മതിലുകൾ കുത്തി കൃഷിയിടങ്ങളും നശിപ്പിച്ചു. കൊമ്പന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.
നിലമ്പൂർ എയ്ഞ്ചൽ ലാന്റ് വീട്ടിൽ ആന്റണി –- അന്നമ്മ ദമ്പതികളുടെ മകൻ ക്രിസ്റ്റീനിനാണ് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ ആന തുമ്പിക്കൈകൊണ്ട് തള്ളിയിടുകയായിരുന്നു. വലതുകൈയ്ക്ക് പരിക്കേറ്റ ക്രിസ്‌റ്റീൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ചാലിയാർ പുഴയോട് ചേർന്ന ചെറുവത്തുകുന്ന് പ്രദേശത്തുകൂടിയാണ് കാട്ടാന നഗരത്തിലേക്ക് പ്രവേശിച്ചത്. നിലമ്പൂർ വനം ഡിവിഷൻ കേന്ദ്രത്തിലൂടെ കയറി മാർക്കറ്റിലും വീട്ടിക്കുത്ത് റോഡിലും എത്തി. ജ്യോതിപ്പടി, ചെറുവത്തുകുന്ന്, മാർക്കറ്റ് എന്നിവിടങ്ങളിലാണ് നാശനഷ്‌ടമുണ്ടാക്കിയത്. വീട്ടുമതിലുകളും ജ്യോതിപ്പടിക്കുസമീപം പള്ളി മതിലും തകർത്തു. പ്രഭതസാവാരിക്ക് ഇറങ്ങിയ സ്ത്രീകളടക്കമുള്ളർ ഭയന്ന് ഓടി. ആനയെ നാട്ടുകാരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ചേർന്ന് വനത്തിലേക്ക് ഓടിച്ചു.
ആനശല്യം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ പുഴയോരത്ത് ഏഴ് വാച്ചർമാരെ നിയമിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവർ പറഞ്ഞു. അക്രമകാരിയായ ആനകളുടെ പട്ടികയിലുള്ളതാണ് കൊമ്പനെന്നും ഡിഎഫ്‌ഒ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..