KeralaLatest NewsNews

മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായാണ് ഇയാള്‍ ഈ സാഹസം കാണിച്ചത്

ചെങ്ങന്നൂര്‍ : മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയായ 42-കാരനാണ് അഞ്ച് മണിക്കൂര്‍ നേരം 11 കെ.വി ലൈനില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായാണ് ഇയാള്‍ ഈ സാഹസം കാണിച്ചത്.

കഴിഞ്ഞ മൂന്നു മാസമായി ദമ്പതികള്‍ പിണങ്ങി കഴിയുകയായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂര്‍-അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിലാണ് ഇയാള്‍ കയറിയത്. ഇയാള്‍ കയറിയത് കണ്ട ഉടന്‍ തന്നെ നാട്ടുകാര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. ഇതോടെ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ താഴെയിറക്കാനുള്ള ശ്രമമായിരുന്നു.

ഗ്രാമപഞ്ചായത്തംഗം തോമസ് എബ്രഹാം ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിളിച്ചു വരുത്തി. ലൈനില്‍ കയറിയ ഇദ്ദേഹത്തോട് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ഫോണില്‍ സംസാരിച്ചു. എന്നാല്‍ പിണങ്ങിപ്പോയ തന്റെ ഭാര്യയും മക്കളും തിരികെ വന്നാല്‍ ഇറങ്ങാമെന്ന നിലപാടിലായിരുന്നു ഇയാള്‍. തുടര്‍ന്ന് ഭാര്യയെയും ഒരു മകനെയും പോയി കണ്ട് അനുനയിപ്പിച്ച് വൈകിട്ട് 3.30ഓടെ കൊണ്ടു വന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button