18 January Monday

സംസ്‌കൃത സാർവഭൗമനായ പ്രൊഫ. എം എച്ച്‌ ശാസ്‌ത്രികൾ

കെ മഹേശ്വരൻനായർUpdated: Monday Jan 18, 2021


പ്രൊഫ. എം ഹരിഹരശാസ്‌ത്രികളാണ്‌ എം എച്ച്‌ ശാസ്‌ത്രികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌. സംസ്‌കൃത പണ്ഡിതനെന്ന നിലയിൽ രാഷ്‌ട്രപതിയുടെ പുരസ്‌കാരം നേടിയ അദ്ദേഹത്തെ കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഡി ലിറ്റ്‌ ബിരുദം നൽകി ആദരിച്ചിരുന്നു. ശാസ്‌ത്രികളുടെ 110–-ാം  ജന്മദിനമാണ്‌ ജനുവരി പതിനെട്ട്‌.
കിളിമാനൂർ കൊട്ടാരത്തിനടുത്ത്‌ കോട്ടക്കുഴി മേലേമഠത്തിൽ വി മഹാദേവ അയ്യരുടെയും ഭഗവതിയമ്മയുടെയും രണ്ടാമത്തെ മകനായി 1911 ൽ ജനിച്ച ഹരിഹര അയ്യർ സർക്കാർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്ത്‌ പഠിക്കാനെത്തി. സംസ്‌കൃതത്തിൽ ശാസ്‌ത്രി, ഉപാധ്യായ, മഹോപാധ്യായ കോഴ്‌സുകൾ  പൂർത്തിയാക്കി. 1931ൽ വ്യാകരണം മഹോപാധ്യായ പരീക്ഷ ഒന്നാമനായി ജയിച്ചു. കുറച്ചുകാലം സ്‌കൂൾ അധ്യാപകനായി. ഇരുപത്തഞ്ചാം വയസ്സിൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ വ്യാകരണവിഭാഗത്തിൽ അധ്യാപകനായി. പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞനായ ഡോ. ഗോദവർമയായിരുന്നു പ്രിൻസിപ്പൽ.

ശാസ്‌ത്രികൾ മുപ്പത്‌ വർഷം സംസ്‌കൃത കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചു. കരയൻ വേഷ്‌ടിയും ജുബ്ബയും കസവുകറുത്ത നേരിയതും ധരിച്ച്‌ കോളേജിലെത്തുന്ന അദ്ദേഹത്തെ  പല ശിഷ്യരും അനുസ്‌മരിച്ചിട്ടുണ്ട്‌. എളിയ ജീവിതവും വലിയ ചിന്തയുമായിരുന്നു അദ്ദേഹത്തിന്റേത്‌. ശിഷ്യരിൽ പലരും പ്രസിദ്ധ സംസ്‌കൃത പണ്ഡിതന്മാരായിത്തീർന്നു. പ്രൊഫ. വി വെങ്കിടരാജ ശർമ, പ്രൊഫ. ആർ വാസുദേവൻപോറ്റി, ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള, ഡോ. മാവേലിക്കര അച്യുതൻ തുടങ്ങി പട്ടിക വളരെ വലുതാണ്‌.

വൈയാകരണനെന്ന നിലയിലാണ്‌ ശാസ്‌ത്രികൾ പ്രസിദ്ധനായതെങ്കിലും സംസ്‌കൃതത്തിലെ എല്ലാ ശാസ്‌ത്രശാഖകളിലും പ്രാവീണ്യം നേടിയിരുന്നു. ന്യായം, വൈശേഷികം, വേദാന്തം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും പാണ്ഡിത്യമാർജിച്ചിരുന്നു. സംസ്‌കൃതത്തിൽ മാത്രമല്ല മലയാളത്തിലും മഹാപണ്ഡിതനായിരുന്നു. വി കൃഷ്‌ണൻതമ്പിയുടെ താടകാവധം ആട്ടക്കഥയ്‌ക്ക്‌ ശാസ്‌ത്രിസാർ ഗുരുപ്രിയ എന്ന വ്യാഖ്യാനമെഴുതിയിട്ടുണ്ട്‌. വിജയപ്രദീപം, വിജ്ഞാനമഞ്‌ജുഷ, വാക്യപദീയം ബ്രഹ്മകാണ്ഡത്തിന്റെ വ്യാഖ്യാനം തുടങ്ങിയവയാണ്‌  കൃതികൾ. മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ നാരായണീയത്തെ അനുകരിച്ചുള്ള സ്‌തോത്രകാവ്യം, ചിത്രമീകം, സാഖണ്ഡനഖണ്ഡനം, ഭഗവത്‌ഗീതാവ്യാഖ്യാനം തുടങ്ങിയ ഒട്ടേറെ കൃതികൾ അപൂർണമോ അപ്രകാശിതമോ ആയി ഉണ്ട്‌.

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയ്‌ക്ക്‌ ശാസ്‌ത്രികൾ എഴുതിയ രസികകൗതുകം വ്യാഖ്യാനം ഏറെ പ്രസിദ്ധമാണ്‌. മഹാകവി ഉള്ളൂർ പരമേശ്വരയ്യരാണ്‌  അവതാരിക എഴുതിയത്‌. ശാസ്‌ത്രികളെ ഗുരുവായി കണക്കാക്കുന്ന പ്രൊഫ. എം കൃഷ്‌ണൻനായർ സാർ പറഞ്ഞിട്ടുള്ളത്‌ ‘എം എച്ച്‌ ശാസ്‌ത്രികളെക്കുറിച്ച്‌ ഞാൻ പറഞ്ഞിട്ടുവേണ്ട മലയാളികൾക്ക്‌ മനസ്സിലാക്കാൻ. രസികകൗതുകം എന്ന നളചരിതം വ്യാഖ്യാനം മാത്രം മതി അദ്ദേഹത്തെ എന്നും ഓർക്കാൻ’’ എന്നാണ്‌. ഒന്നാന്തരം നടനും നാടകകാരനും കൂടിയായിരുന്നു ശാസ്‌ത്രികൾ. പല നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. വിശ്വാമിത്രൻ, കണ്വൻ, വിദൂഷകൻ തുടങ്ങിയ വേഷങ്ങൾ വളരെ ആകർഷകമായി അവതരിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹമെഴുതിയ നാടകങ്ങളാണ്‌ ബി എ മിടുക്കൻ, അഭിനവരംഗം രാമയ്യൻ ദളവ എന്നിവ. അർഥശാസ്‌ത്രത്തിലും സാഹിത്യ ശാസ്‌ത്രത്തിലും നേടിയ ആഴത്തിലുള്ള പരിചയം അദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രയുക്തമായിട്ടുണ്ട്‌.

സംസ്‌കൃത കോളേജിൽനിന്ന്‌ വിരമിച്ചശേഷവും ശാസ്‌ത്രികൾ അധ്യാപനം തുടർന്നു. വർക്കല ശിവഗിരി മഠത്തിൽ പുതുതായി തുടങ്ങിയ ബ്രഹ്മവിദ്യാലയത്തിൽ മുഖ്യാചാര്യനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അധ്യാപനം ശ്രീനാരായണഗുരുവിന്റെ കൃതികളെ ആഴത്തിൽ മനസ്സിലാകുന്നതിന്‌ പഠിതാക്കളെ സഹായിച്ചു. ഗുരുവിന്റെ വേദാന്തകൃതികൾക്ക്‌ വ്യാഖ്യാനമെഴുതി. ദർശനമാലയ്‌ക്കും മറ്റ്‌ സംസ്‌കൃത കൃതികൾക്കും സംസ്‌കൃതത്തിൽത്തന്നെ വ്യാഖ്യാനമെഴുതുകയുണ്ടായി. ഇടയ്‌ക്കിടം ശ്രീശങ്കര സംസ്‌കൃത വിദ്യാപീഠത്തിൽ ഏറെക്കാലം പ്രിൻസിപ്പലായിരുന്നു.

കളർകോട്‌ പടിഞ്ഞാറേ മഠത്തിൽ കെ നാരായണ അയ്യരുടെയും ഭാഗീരഥിയമ്മയുടെയും പുത്രിയായ തങ്കമ്മാളിനെയാണ്‌ ശാസ്‌ത്രിസാർ വിവാഹം കഴിച്ചത്‌. അവർക്ക്‌ രണ്ട്‌ പെൺമക്കളും ഒരു മകനും ജനിച്ചു. പെൺമക്കൾ ബാങ്ക്‌ ഉദ്യോഗസ്ഥരും മകൻ എൻജിനിയറുമായിരുന്നു. അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തിയും ശതാബ്ദിയും നവതിയും സമുചിതമായി ആചരിക്കപ്പെട്ടു.നവതിയാഘോഷത്തിന്റെ ഭാഗമായി ഉണ്ടായ ഒരു വിശേഷ സംഭവം ഇവിടെ എടുത്തുപറേയണ്ടതുണ്ട്‌.

നവതിയാഘോഷത്തിന്റെ ഭാഗമായി എന്റെ പ്രിയ ശിഷ്യൻ ഡോ. അഞ്ചൽ പ്രസാദ്‌ സ്വന്തം നിലയിൽ പ്രസിദ്ധപ്പെടുത്തിയ ‘പ്രൊഫ. എം എച്ച്‌ ശാസ്‌ത്രികൾ നവതിപ്പതിപ്പ്‌’ എന്ന ഗ്രന്ഥത്തിന്റെ കാര്യമാണത്. പുതിയ കാലത്തിന്റെ നന്മകളുടെ കൂട്ടത്തിൽ ഏറ്റവും മുഴച്ചുനിൽക്കുന്ന ഒന്നായി അതിനെ ലേഖകൻ കാണുന്നു. അഞ്ചൽ പ്രസാദ്‌ ശാസ്‌ത്രിസാറിന്റെ ക്ലാസിലിരുന്ന്‌ പഠിച്ച ശിഷ്യനല്ല. പ്രശിഷ്യൻ മാത്രമാണ്‌. എന്നിട്ടും അദ്ദേഹത്തിന്‌ അങ്ങനെ തോന്നി എന്നതാണ്‌ ആദരണീയം.

നവതിപ്പതിപ്പ്‌ പ്രസിദ്ധപ്പെടുത്തുകവഴി ഒരു ചടങ്ങ്‌ നിർവഹിക്കുകയല്ല പ്രസാദ്‌ ചെയ്‌തത്‌. എം എച്ച്‌ ശാസ്‌ത്രി സാറിനെക്കുറിച്ച്‌ അറിയാനാഗ്രഹിക്കുന്നവർക്ക്‌  ഒന്നാന്തരം കൈപ്പുസ്‌തകമാണ്‌ അത്‌. മൂന്നാം ഭാഗത്തിൽ ശാസ്‌ത്രികളുടെ കൃതികളും ചേർത്തിട്ടുണ്ട്‌. 1. ലഘുവായ ആത്മചരിത്രസംഗ്രഹം 2. ഗുരു, ഗുരുവിന്റെ മഹിമ, ഗുരുത്വം, 3. മലയാളത്തിന്റെ മഹിമ, 4. ഭൂമി അചലയാണോ? 5. ജീവിതനിയമങ്ങൾ, 6. മതമൗലികവാദത്തെപ്പറ്റി, 7. മതത്തിന്റെ വ്യാഖ്യാനം, 8. അച്ഛൻ, 9. ധന്യജീവനാനുസന്ധാനം, 10. അനുഭാവവിശേഷം, 11. വൈശേഷിക ദർശനം, 12. കണ്‌ഠത്തിലിട്ടുകൊൾ കൈവലയം (കവിത), 13. മേഘദൂതം മലയാള വിവർത്തനം (അപൂർണം), 14. ഹരിഹരപുത്രീയം, 15. ചിത്രമീമാംസാ ഖണ്ഡനഖണ്ഡനം, 16. രാജഗുണ നിരൂപണം (ഒടുവിൽ പറഞ്ഞ മൂന്നും സംസ്‌കൃതം) എന്നിവയാണ്‌ നവതിപ്പതിപ്പിൽ ചേർത്തിട്ടുള്ള കൃതികൾ.

എം എച്ച്‌ ശാസ്‌ത്രികളുടെ  ക്ലാസിലിരുന്ന്‌ പഠിക്കുന്നതിനുള്ള ഭാഗ്യം എനിക്ക്‌ കിട്ടിയിട്ടില്ല. 1964–-66 കാലത്ത്‌ സംസ്‌കൃത കോളേജിൽ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോൾ ശാസ്‌ത്രിസാർ അവിടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഉയർന്ന ക്ലാസുകളിലാണ്‌ പഠിപ്പിച്ചിരുന്നത്‌. പക്ഷേ ഞങ്ങൾക്ക്‌ ഒരു ഭാഗ്യമണിക്കൂർ വീണുകിട്ടി. ഞങ്ങളെ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്ന സി ടി തോമസ്‌ ഒരുദിവസം അവധിയായിരുന്നു. പ്രിൻസിപ്പലായിരുന്ന പ്രൊഫ. കെ ബാലരാമപ്പണിക്കർ എം എച്ച്‌ ശാസ്‌ത്രി സാറിനെ ഞങ്ങളുടെ ക്ലാസിലേക്ക്‌ പറഞ്ഞുവിട്ടു. ഇപ്പോൾ ഏത്‌ വിഷയമാണ്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. ഇംഗ്ലീഷ്‌ എന്ന്‌ ഞങ്ങൾ പറഞ്ഞു. പുസ്‌തകമെടുക്കാൻ പറഞ്ഞു. ഞങ്ങൾ പുസ്‌തകമെടുത്തു. ഓരോരുത്തരായി പാഠം വായിച്ചു. അദ്ദേഹം അർഥം വിശദീകരിച്ചുതന്നു. ഞങ്ങൾക്ക്‌ ഇംഗ്ലീഷ്‌ ക്ലാസ്‌ നന്നായി ഇഷ്ടപ്പെട്ടു. ഇൻഡോ യൂറോപ്യൻ ഭാഷാഗോത്രത്തിലെ ഏറ്റവും പഴയതും പ്രബലവുമായ സംസ്‌കൃതം നല്ല നിശ്ചയമുണ്ടെങ്കിൽ ആ ഗോത്രത്തിലെ മറ്റേത്‌ ഭാഷയും എളുപ്പമാകുമെന്ന്‌ അദ്ദേഹം തെളിയിച്ചുതന്നു.

പുതുതലമുറയിൽപ്പെട്ട വിദ്യാർഥികളോട്‌ ഇത്രമാത്രം അലിവും പ്രോത്സാഹന മനോഭാവവും കാണിച്ച മുതിർന്ന സംസ്‌കൃത ഗുരുനാഥന്മാർ ചുരുക്കമാണ്‌. ശാസ്‌ത്രിസാറിന്റെയടുക്കൽ വിദ്യാംദേഹിയായി എത്രയോ തവണ ഞാൻ പോയിട്ടുണ്ട്‌. ഓരോ തവണയും എത്രമാത്രം പുതിയ അറിവും നേടിയാണ്‌ പോരാൻ കഴിഞ്ഞതെന്ന കാര്യം നന്ദിപൂർവം സ്‌മരിക്കട്ടെ. കരമനയിലെ ഗവ. സ്‌കൂളിനടുത്തുള്ള വീട്‌ ഗീതാനിലയത്തിൽ ശാസ്‌ത്രികളെ കാണാൻ പോയ ഓരോ അവസരവും ഓർമയിലുണ്ട്‌. ശിഷ്യന്മാരോടും ജിജ്ഞാസുക്കളോടും അങ്ങേയറ്റം വാത്സല്യവും സ്‌നേഹവും പ്രകടിപ്പിച്ച ഒരു ഗുരുനാഥൻ എം എച്ച്‌ ശാസ്‌ത്രികളെപ്പോലെ വേറെയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top