പാലക്കാട്> സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായ ശേഷം മറ്റ് അസുഖങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ജനുവരി 12ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.
നവംബര്‍ 28 ന് കോവിഡ് ബാധിതനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസമ്പര്‍ 11 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ട് മുതല്‍ ഒമ്പത് വരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്‌കൂളിലും ഒമ്പതുമുതല്‍ പത്തുവരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ 11 ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും.
ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ് (എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കി), സന്ദീപ് (എംബിഎ വിദ്യാര്‍ഥി). സഹോദരങ്ങള്‍: മോഹന്‍ദാസ്, ശൈലജ, പത്മജ, ഗിരിജ, പരേതയായ ജലജ.
എലപ്പുള്ളി തേനാരി കാക്കത്തോട് വീട്ടില്‍ പരേതനായ വേലായുധന്‍ -- തത്ത ദമ്പതികളുടെ മകനാണ്. എലപ്പുള്ളി ഗവ. ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 2011ല്‍ കോങ്ങാട് അസംബ്ലിമണ്ഡലം രൂപീകരിച്ചപ്പോള്‍ അവിടെ നിന്ന് ആദ്യജയം.
തുടര്‍ച്ചയായി രണ്ടാംതവണയും കോങ്ങാട് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.
സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റായി. രാജ്യത്തിനുതന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.
കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് വന്നു. ദീര്‍ഘകാലം സിപിഐ എം എലപ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് സിപിഐ എം പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
1987ല്‍ എലപ്പുള്ളി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തേനാരി ക്ഷീരോല്‍പ്പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോ--ഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. മികച്ച സഹകാരികൂടിയാണ്. റബ്കോ ഡയര്‍ക്ടര്‍ ബോഡ് അംഗവുമാണ്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിനുശഷം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റില്‍ എത്തി. മികച്ച കര്‍ഷകന്‍കൂടിയായ വിജയദാസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിച്ചു. കര്‍ഷകര്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന വിജയദാസ് മണ്ഡലത്തിലെയും ജില്ലയിലെയും ജനകീയനായ നേതാവുകൂടിയാണ്. ഏതുസമയത്തും ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ മടി കാണിച്ചില്ല. ഏറ്റവും കൂടുതല്‍ വികസനം നടന്ന മണ്ഡലംകൂടിയാണ് കോങ്ങാട്. അതില്‍ അദ്ദേഹത്തിന്റെ ഇടപെടലും മികച്ചതായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..