19 January Tuesday

ചൈനയ്‌ക്ക്‌ 2.3 ശതമാനം വളർച്ച ; അത്ഭുതകരമായ തിരിച്ചുവരവ്‌‌

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


ബീജിങ്‌
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കോവിഡ്‌ വ്യാപന പ്രതിസന്ധിയിൽ വിഷമിക്കുമ്പോൾ മഹാമാരിയെ അതിവേഗം അതിജീവിച്ച ചൈനയ്‌ക്ക്‌ കഴിഞ്ഞവർഷം 2.3 ശതമാനം വളർച്ച. കോവിഡ്‌ ആദ്യം കണ്ടെത്തിയ രാജ്യത്തിന്റെ  സമ്പദ്‌ഘടന 2020ന്റെ ഒന്നാം പാദത്തിൽ 6.8 ശതമാനം പിന്നോട്ടടിച്ച ശേഷമാണ്‌ അത്ഭുതകരമായ തിരിച്ചുവരവ്‌‌.

കഴിഞ്ഞവർഷം മാർച്ചിൽത്തന്നെ വൈറസിനെതിരെ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി വിജയം പ്രഖ്യാപിച്ചിരുന്നു. അടച്ചിരുപ്പ്‌ അവസാനിപ്പിച്ച്‌ സമ്പദ്‌ഘടന തുറന്നതോടെ രണ്ടാം പാദത്തിൽ 3.2 ശതമാനം വളർച്ച കൈവരിച്ചു. സെപ്‌തംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 4.9 ശതമാനവും ഡിസംബറിൽ അവസാനിച്ച നാലാം പാദത്തിൽ 6.5 ശതമാനവും വളർച്ച നേടിയതായി  നാഷണൽ ബ്യൂറോ ഓഫ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വ്യക്തമാക്കി.

അമേരിക്ക വ്യാപാരയുദ്ധം തീവ്രമാക്കിയിട്ടും ചൈനയുടെ കയറ്റുമതി 3.6 ശതമാനം വളർന്നു‌. അതിനൊപ്പം  14–-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടതനുസരിച്ച്‌ ആഭ്യന്തരവിപണിയും ഗണ്യമായി വളർന്നു. നഗരങ്ങളിൽ 1.18 കോടി പുതിയ തൊഴിൽ സൃഷ്‌ടിച്ചതും ആഭ്യന്തര ഉപഭോഗം വർധിക്കാൻ സഹായിച്ചു. വ്യാവസായിക ഉൽപ്പാദനത്തിലും കുതിപ്പുണ്ടായി. ഹൈടെക്‌ ഉൽപ്പാദനത്തിൽ 7.1 ശതമാനവും ഉപകരണ ഉൽപ്പാദനത്തിൽ 6.6 ശതമാനവുമാണ്‌ വളർച്ച.

ജിഡിപി 100 ലക്ഷം കോടി യുവാൻ(15.42 ലക്ഷം കോടി ഡോളർ) എന്ന നാഴികക്കല്ല്‌ പിന്നിട്ട്‌ 101. 589 ലക്ഷം കോടി യുവാനിലെത്തി.  2.3 ശതമാനം വളർച്ച 45 വർഷത്തിനിടയിൽ ചൈനയുടെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ്‌. എങ്കിലും മറ്റ്‌ പ്രധാന സമ്പദ്‌ഘടനകളേക്കാൾ വളരെ ഉയർന്നതാണ്‌. വൈറസ്‌ ബാധ കണ്ടതിനെത്തുടർന്ന്‌ ചില പ്രദേശങ്ങളിൽ അടുത്തിടെ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top