17 January Sunday

നിരൂപണ രംഗത്ത് ലീലാവതി ടീച്ചറിന്റേത് സമാനതകളില്ലാത്ത വ്യക്തിത്വം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

എറണാകുളം> നാലാമത് ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്കു സമര്‍പ്പിച്ചു. കളമശ്ശേരിയിലെ ലീലാവതി ടീച്ചറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പൊതു നിരൂപണ രംഗത്തു തന്നെ കുലപര്‍വത സമാനമായ വ്യക്തിത്വമാണ് ലീലാവതി ടീച്ചറിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരൂപണ രംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവര്‍ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതി ടീച്ചര്‍ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നില്‍ക്കുന്നു. ഒരു ഏകാന്ത ദ്വീപു പോലെ എന്നു പറയാം. സമാനമായ തെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീച്ചര്‍ ഈ സ്ഥാനം നേടിയത് സ്ത്രീയെന്ന പ്രത്യേക പരിഗണനയിലൂടെയല്ല. അതി പ്രഗത്ഭരായ പുരുഷ കേസരികളോട് മത്സരിച്ചു തന്നെയാണ്. അവര്‍ക്കിടയില്‍ സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു അവര്‍. അതാകട്ടെ പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. ടീച്ചര്‍ നമുക്ക് തന്നത് മലയാള കവിതാ സാഹിത്യ ചരിത്രം തന്നെയാണ്. പുതിയ തലമുറയെ ടീച്ചര്‍ സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് നയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലത്തിനു നേര്‍ക്ക് കണ്ണടച്ചിരുന്നു കൊണ്ട് സാഹിത്യമെഴുതിയ കവിയല്ല ഒ എന്‍ വി. കുറുപ്പെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സമൂഹത്തിലെ ജ്വലിക്കുന്ന, പൊള്ളിക്കുന്ന സത്യങ്ങളെ  അദ്ദേഹം സാഹിത്യത്തില്‍ പ്രതിഫലിപ്പിച്ചു. കെട്ട കാലത്തെ പ്പറ്റിയുള്ള സാഹിത്യ കൃതികള്‍ ഇന്ത്യയില്‍ ഉണ്ടാകേണ്ട കാലമാണിത്. നിഷ്പക്ഷ നിരീക്ഷകരായി ഇരുന്നു കൂട എന്ന് സാഹിത്യകാരന്‍മാരോട് കാലം നിര്‍ദ്ദേശിക്കുന്ന  ഒരു ചരിത്ര ഘട്ടവും ഇതാണ്.

മത രാഷ്ട്രീയം രാഷ്ട്രത്തിനു മേല്‍ പിടിമുറുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠയില്‍ നിന്ന് ഇന്ത്യയിലെ സാഹിത്യകാരന്മാര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ഒ.എന്‍.വി ഒരിക്കലും തന്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളില്‍ നിന്നും പുറം തിരിഞ്ഞു നടന്ന ആളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കു ലഭിച്ച പുരസ്‌കാരം അന്തി ചായും നേരത്ത് നല്‍കപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ലീലാവതി ടീച്ചര്‍ അഭിപ്രായപ്പെട്ടു.  വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാള്‍ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരം എന്നു പറയുന്നത് ദീര്‍ഘായുസിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.

ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയര്‍മാന്‍ ജി.രാജ് മോഹന്‍ പ്രശസ്തിപത്ര പാരായണം നടത്തി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു , ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി സെക്രട്ടറി എം.ബി.സനില്‍ കുമാര്‍ , ഒ എന്‍.വി.കുറുപ്പിന്റെ മകന്‍ ഒ.എന്‍.വി. രാജീവ്, മകള്‍ ഡോ.മായ, മരുമകള്‍ ദേവിക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top