17 January Sunday

കോവാക്‌സിനിൽ ആശങ്കയെന്ന്‌ ഡൽഹിയിലെ ഡോക്ടർമാർ

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

ന്യൂഡൽഹി > ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാത്ത കോവാക്‌സിനിൽ ആശങ്കയറിച്ച്‌ ആരോഗ്യപ്രവർത്തകർ. ഡൽഹി റാംമനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ റെസിഡന്റ്‌ ഡോക്ടർമാർ കോവാക്‌സിൻ കുത്തിവയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്‌ മെഡിക്കൽ സൂപ്രണ്ടിന്‌ കത്ത്‌ നൽകി.

കോവാക്‌സിനാണ്‌ കുത്തിവയ്‌ക്കുന്നതെങ്കിൽ പ്രതിരോധയജ്ഞത്തിൽ പങ്കെടുക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു.പല ഡോക്ടർമാരും പ്രതിരോധയജ്ഞത്തിൽനിന്നു പിന്മാറിയതായി റെസിഡന്റ്‌ ഡോക്‌ടേഴ്‌സ്‌ അസോസിയേഷൻ വൈസ്‌പ്രസിഡന്റ്‌ നിർമ്മല്യാമഹാപത്ര പറഞ്ഞു.ഡൽഹിയിൽ എയിംസ്‌, ആർഎംഎൽ, സഫ്‌ദർജങ് ആശുപത്രികളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച കോവാക്‌സിനാണ്‌ കുത്തിവച്ചത്‌.

എയിംസിൽ വാക്‌സിൻ എടുക്കേണ്ട 150ഓളം ആരോഗ്യപ്രവർത്തകരിൽ 50 പേർ മാത്രമാണ്‌ ശനിയാഴ്‌ച വാക്‌സിൻ എടുക്കാൻ തയ്യാറായതെന്ന്‌ ദേശീയമാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. പലരും പല കാരണം പറഞ്ഞ് പിന്മാറി.

കോവാക്‌സിന്‌ വേണം സമ്മതപത്രം

കോവാക്‌സിൻ സ്വീകരിക്കുന്നവർ പ്രത്യേക സമ്മതപത്രവും ഒപ്പിട്ടുനൽകണം. ‘വാക്‌സിനെ കുറിച്ചും അതുമൂലം ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെ കുറിച്ചും ധാരണയുണ്ട്‌. അത്‌ കുത്തിവയ്‌ക്കാൻ സമ്മതം നൽകുന്നു’–- എന്ന  സമ്മതപത്രമാണ്‌ നൽകേണ്ടത്‌.  ‘ക്ലിനിക്കൽ ട്രയൽ’ പുരോഗമിക്കുന്ന അവസരത്തിലാണ്‌ കോവാക്‌സിന്‌ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്‌.

അതുകൊണ്ടാണ്‌, സമ്മതപത്രം ഒപ്പിട്ടുവാങ്ങേണ്ടി വരുന്നത്.
ആദ്യ രണ്ട്‌ ക്ലിനിക്കൽ ട്രയലിലും കോവാക്‌സിൻ‌ കോവിഡിന്‌ എതിരായ ആന്റിബോഡികൾ  ഉൽപ്പാദിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. എന്നാൽ, അതിന്റെ കാര്യക്ഷമത ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്‌. ഹാനികരമായ പാർശ്വഫലമുണ്ടായാൽ നിലവാരമുള്ള ചികിത്സ ഉറപ്പാക്കും. അതീവഗുരുതരമായ എന്തെങ്കിലും സംഭവിച്ചാൽ വാക്‌സിൻ ഉൽപ്പാദകരായ ഭാരത്‌ ബയോടെക്‌ നഷ്ടപരിഹാരം നൽകുമെന്നും സമ്മതപത്രത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top