18 January Monday
നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിൽ നൂറോളം ബോട്ടിൽ ബോർഡ്‌ വച്ചു

കടലിലും അതിസുരക്ഷ ; ആദ്യഘട്ടം 300 ബോട്ടിൽ ഹോളോഗ്രാം രജിസ്‌ട്രേഷൻ ബോർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021


തിരുവനന്തപുരം
മത്സ്യത്തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ കേരളം അതീവ സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിക്കും. ബോട്ടുകളുടെ  സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് മത്സ്യബന്ധന വകുപ്പാണ് ലോകത്താദ്യമായി പദ്ധതി നടപ്പാക്കുന്നത്. 

ആദ്യഘട്ടം 300 ബോട്ടിൽ ഹോളോഗ്രാം രജിസ്‌ട്രേഷൻ ബോർഡ്‌ ഘടിപ്പിക്കും‌. നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടിൽ ഘടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 1500 ഉം മൂന്നാം ഘട്ടത്തോടെ സംസ്ഥാനത്തെ മുഴുവൻ മത്സ്യബന്ധന ബോട്ടുകളിലും ബോർഡുകളാവും. സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ കുറഞ്ഞ ചെലവിലാണ്‌‌‌ ഇവ സ്ഥാപിക്കുന്നത്.

സമുദ്രമേഖലയിലെ എല്ലാ ഭീഷണികളും കണക്കിലെടുത്താണ്  ഇത്‌ ആവിഷ്‌കരിച്ചത്. രജിസ്റ്റർ ചെയ്യാത്ത ബോട്ടുകളും വ്യാജ രജിസ്‌ട്രേഷൻ ഉള്ളവരും  നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ പരിശോധിക്കാനാവും. സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ ഉപകരണം ഉപയോഗിച്ച് രജിസ്‌ട്രേഷൻ നമ്പറും സീരിയൽ നമ്പറും പരിശോധിക്കാമെന്നതിനാൽ വ്യാജനെയും തിരിച്ചറിയാം.

സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡ്‌
ആഴക്കടലിൽപ്പെടുന്ന ബോട്ടുകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന സംവിധാനമാണ് ജിപിഎസ്/ ജിപിആർഎസ് നെറ്റ്‌വർക്കിങ്‌ ഉള്ള സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡ്. വ്യാജ രജിസ്‌ട്രേഷൻ തിരിച്ചറിയാനുള്ള ഹോളോഗ്രാഫിക്കും ലേസർ സംവിധാനങ്ങളും ഇതിലുണ്ട്.   ബോട്ടിന്റെ വീൽഹൗസിനു മുകളിലാണ് ഘടിപ്പിക്കുക. 360 ഡിഗ്രിയിൽ വ്യക്തമായ കാഴ്ച ഇത് ഉറപ്പു വരുത്തുന്നു. ബോട്ടുകളുടെ കൂട്ടിയിടിയും ഉപ്പുവെള്ളംമൂലം രജിസ്‌ട്രേഷൻ ബോർഡിനുണ്ടാകുന്നനാശവും ഇതിലൂടെ ഒഴിവാക്കാനാകും.
 

സുരക്ഷ  ഉറപ്പാകും
ഓഖി പോലുള്ള  പ്രകൃതി ക്ഷോഭങ്ങളും വിദേശ കപ്പലുകളും സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ പശ്‌ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതോപാധിയും സംരക്ഷിക്കാനും രാജ്യസുരക്ഷയെ മുൻനിർത്തിയുമുള്ള  സമഗ്രപദ്ധതിയുടെ ഭാഗമാണ്‌  ഹോളോഗ്രാം രജിസ്‌ട്രേഷൻ ബോർഡുകളെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കടലിൽ പോകുന്നവർക്ക്‌ ബയോമെട്രിക്‌ കാർഡ്‌ നൽകിയിട്ടുണ്ട്‌. എന്നാൽ ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്‌ ഹോളോഗ്രാം രജിസ്‌ട്രേഷൻ ബോർഡ്‌. കടലിലുള്ള മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന്‌ ഓരോ നിമിഷവും കരയിൽനിന്ന്‌ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top