KeralaLatest NewsNews

കല്ലമ്പലത്തെ നവവധുവിന്റെ മരണം ; മകള്‍ ഒരിയ്ക്കലും സ്വയം കഴുത്തറുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ആതിരയുടെ അമ്മ

ആതിരയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം

തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.

മകള്‍ ഒരിയ്ക്കും സ്വയം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിയ്ക്കില്ലെന്നും അമ്മ പറയുന്നു. വെള്ളിയാഴ്ച രാവിലെ ശരത്തും ഭര്‍തൃ പിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃ മാതാവും ജോലിയ്ക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടില്‍ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭര്‍തൃ പിതാവും തിരികെയെത്തി. തുടര്‍ന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും അടിച്ച് തുറന്നതും ആതിരയെ കണ്ടെത്തുന്നതും.

ആതിരയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല. കത്തി കൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍ നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി. ഇക്കാരണങ്ങള്‍ കൊണ്ടാണ് പൊലീസ് ആതിരയുടെ മരണം ആത്മഹത്യയാണെന്ന് പറയുന്നത്. എന്നാല്‍ ആതിര ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്താന്‍ പൊലീസിനും സാധിച്ചിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button