ബ്രിസ്ബെയ്ൻ
മാർണസ് ലബുഷെയ്ൻ നൽകിയ ക്യാച്ച് വിട്ടുകളഞ്ഞതിന് ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ വലിയ വില കൊടുക്കേണ്ടിവന്നു. നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അവസരം മുതലാക്കി സെഞ്ചുറി നേടിയ ലബുഷെയ്ൻ (204 പന്തിൽ 108) ഓസ്ട്രേലിയയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റണ്ണെടുത്തു.
മുപ്പത്തിയാറാം ഓവറിൽ നവ്ദീപ് സെയ്നിയുടെ പന്തിലാണ് രഹാനെ സുവർണാവസരം നഷ്ടപ്പെടുത്തിയത്. ലബുഷെയ്ൻ അപ്പോൾ 37 റണ്ണിലായിരുന്നു. ഓസ്ട്രേലിയ 3–93. ലബുഷെയ്ൻ മാത്യു വെയ്ഡിനൊപ്പം(45) ചേർന്ന് നാലാം വിക്കറ്റിൽ 113 റണ്ണടിച്ചു. ഒമ്പത് ഫോറടിച്ച് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ലബുഷെയ്നെ ആദ്യ ടെസ്റ്റിനിറങ്ങിയ ടി നടരാജൻ പുറത്താക്കി. വെയ്ഡിന്റെ വിക്കറ്റും ഈ തമിഴ്നാട്ടുകാരനാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഓവറിൽ ഡേവിഡ് വാർണറെ (1) നഷ്ടമായി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. മാർകസ് ഹാരിസിനെ (5) ശാർദുൾ താക്കൂർ പുറത്താക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. ഒമ്പതാം ഓവറിൽ 17 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടം. ലബുഷെയ്നും സ്റ്റീവൻ സ്മിത്തും ശ്രദ്ധയോടെ കളി തുടങ്ങി. കന്നി ടെസ്റ്റിനിറങ്ങിയ വാഷിങ്ടൺ സുന്ദർ സ്മിത്തിനെ (36) വീഴ്ത്തിയതോടെ ഓസീസ് 3–87 ആയി. എന്നാൽ ലബുഷെയ്ന് കൂട്ടെത്തിയ വെയ്ഡ് ബൗളർമാരെ ഫലപ്രദമായി നേരിട്ടു.
കളിയുടെ പൂർണ നിയന്ത്രണം ഓസീസിന്റെ കൈയിലായപ്പോഴാണ് നടരാജൻ വീണ്ടും അവതരിച്ചത്. അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റെടുത്ത് റണ്ണൊഴുക്ക് തടഞ്ഞു. കളി നിർത്തുമ്പോൾ കാമറൂൺ ഗ്രീനും (28) ടിം പെയ്നുമാണ് (38) ക്രീസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..