KeralaLatest NewsNews

ആലപ്പുഴക്കാരി ഷിന്‍സിയുമായി പ്രണയം ; വിവാഹ ശേഷം വടിവാള്‍ വിനീതിന്റെ മോഷണത്തിലെ പ്രധാന പങ്കാളിയായി ഭാര്യ

ജയില്‍ മോചിതനായതോടെ മോഷണത്തിനൊപ്പം വടിവാളാക്രമണവും തുടങ്ങി

കൊല്ലം : കൊടും ക്രിമിനല്‍ വടിവാള്‍ വിനീതിനെ പിടികൂടിയതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. വിനീതിനൊപ്പം ഭാര്യ ഷിന്‍സിയടക്കം മൂന്ന് പേരാണ് മോഷണ സംഘത്തിലെ പ്രധാനികള്‍. ചക്കുളത്തുകാവില്‍ കടകള്‍ കുത്തി തുറന്നായിരുന്നു ആദ്യ മോഷണം. അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വെറുതെ വിട്ടു. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവൈനൈല്‍ ഹോമില്‍ വിനീതിനെ പാര്‍പ്പിച്ചു. അവിടെ നിന്നിറങ്ങിയപ്പോള്‍ ബൈക്ക് മോഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കൊച്ചിയില്‍ നിന്ന് പന്ത്രണ്ടോളം ബൈക്കുകള്‍ മോഷ്ടിച്ചു. 2017ല്‍ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ. 2019ല്‍ ജയില്‍ മോചിതനായതോടെ മോഷണത്തിനൊപ്പം വടിവാളാക്രമണവും തുടങ്ങി. ഇതോടെ വടിവാള്‍ വിനീതെന്ന പേര് വീണു. ഇതിനിടെ, ആലപ്പുഴ പുന്നമടക്കാരി ഷിന്‍സിയുമായി ഇഷ്ടത്തിലായി. ഒടുവില്‍ ഷിന്‍സിയെ വിവാഹം കഴിച്ചു. പിന്നീടങ്ങോട് ഷിന്‍സിയോടൊപ്പമായി മോഷണം. കൊച്ചിയില്‍ നിന്ന് പരിചയപ്പെട്ട ശ്യാം, മിഷേല്‍ എന്നീ രണ്ടു പേരെ കൂടി വിനീത് ഒപ്പം ചേര്‍ത്തു. തുടര്‍ന്നങ്ങോട്ട് വിനീതും മിഷേലും, ഷിന്‍സിയും, ശ്യാമും അടങ്ങുന്ന സംഘം കന്യാകുമാരി മുതല്‍ മലപ്പുറം വരെ മോഷണ പരമ്പരയുടെ ഭാഗമായി.

വാഹനങ്ങള്‍ മാത്രമല്ല. വഴിയാത്രക്കാരെ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവരുന്നതും ഇവരുടെ പതിവാണ്. തിരുവല്ല നഗരത്തില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയവരെ വാനിലെത്തിയ അജ്ഞാത സംഘം വടിവാള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളും ഇവര്‍ തന്നെയായിരുന്നു. ഈ കേസില്‍ വിനീതിന്റെ പലയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് കൊല്ലത്ത് നിന്ന് വടിവാള്‍ വിനീതിനെ സാഹസികമായി പിടികൂടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button