കായംകുളം > ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുട്ടേൽ പാലം ഞായറാഴ്‌ച നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് മന്ത്രി ജി സുധാകരൻ പാലം ഉദ്ഘാടനംചെയ്യും. നഗരത്തെ ദേവികുളങ്ങര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന അരനൂറ്റാണ്ടിനുമേൽ പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ ആർച്ച് പാലം നിർമിച്ചത്. പൊതുമരാമത്ത് ഫണ്ടിൽനിന്ന് 7.55 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.
ബോസ്ട്രിങ് ആർച്ച് ബ്രിഡ്‌ജ് എന്ന നവീനരീതിയിലാണ് നിർമാണം. ഒരു സ്‌പാനോടെ 32 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ നടപ്പാത, സൗരോർജ വിളക്കുകൾ എന്നിവയുമുണ്ട്. തൂണുകൾ ദ്രവിച്ച് കോൺക്രീറ്റ് അടർന്നുവീണ് ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായിരുന്നു പഴയ പാലം. വലിയ വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങുന്നത് ഭീതി ഉയർത്തിയിരുന്നു.
പാലം സ്ഥിതിചെയ്യുന്ന 12 കി.മീറ്റർ ദൈർഘ്യമുള്ള പുതിയിടം - ഗോവിന്ദമുട്ടം -പ്രയാർ - ആലുംപീടിക റോഡ് 12.44 കോടി രൂപ ചെലവഴിച്ച് നിർമിച്ചിരുന്നു. കടത്തുതോണി മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് 60 വർഷം മുമ്പാണ് പഴയപാലം നിർമിച്ചത്. ശോചനീയാവസ്ഥ യു പ്രതിഭ എംഎൽഎ മന്ത്രി ജി സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് തുക അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..