ന്യൂഡൽഹി
ഭാരത്‌ബയോടെക്കിന്റെ കോവാക്‌സിൻ മരുന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. ഡൽഹി ഉൾപ്പെടെ 11 നഗരത്തിലേക്ക് ബുധനാഴ്‌ച കോവാക്‌സിൻ എത്തിച്ചു. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രാവിലെതന്നെ കോവാക്‌സിൻ എത്തി.
വിജയവാഡ, ഗുവാഹത്തി, പട്‌ന, കുരുക്ഷേത്ര, ബംഗളൂരു, ഭുവനേശ്വർ, ജയ്‌പുർ, ചെന്നൈ, ലഖ്‌നൗ എന്നിവിടങ്ങളിലും വാക്‌സിൻ എത്തിച്ചുനൽകിയതായി ഭാരത്‌ബയോടെക് അറിയിച്ചു. ആകെ 55ലക്ഷം ഡോസാണ് സർക്കാർ കമ്പനിയിൽനിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 38.5 ലക്ഷം ഡോസ് ഡോസ് ഒന്നിന് 295 രൂപ നിരക്കിലാണ് സർക്കാരിന് നൽകുന്നത്. 16.5 ലക്ഷം ഡോസ് സൗജന്യമായി കൈമാറും. കഴിഞ്ഞദിവസം പുണെയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിച്ച കോവിഷീൽഡ് വാക്‌സിനും വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചിരുന്നു.
അതേസമയം, കോവാക്‌സിന് എതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് വീണ്ടും രംഗത്തെത്തി. മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവിടാത്ത കോവാക്‌സിൻ കുത്തിവച്ചുപരീക്ഷിക്കാൻ ഇന്ത്യക്കാർ ഗിനിപന്നികൾ അല്ലെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ കോവാക്‌സിൻ അധികസാധ്യത എന്ന നിലയിലേ ഉപയോഗിക്കുകയുള്ളുവെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഏത് വാക്‌സിൻ കുത്തിവയ്‌ക്കണമെന്ന് അത് സ്വീകരിക്കുന്ന ആൾക്ക് തീരുമാനിക്കാൻ ഉടൻ സൗകര്യമുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ഭൂഷൺ കഴിഞ്ഞദിവസം പ്രസ്‌താവിച്ചു.
‘ഇപ്പോൾ സർക്കാർ പറയുന്നത് ഏത് വാക്സിൻ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകാനാകില്ല എന്നാണ്.
മൂന്നാംഘട്ട ട്രയൽ പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ വാക്‌സിൻ ഫലസിദ്ധിയെക്കുറിച്ച് വലിയ ആശങ്കകൾ നിലവിലുണ്ട്. വാക്‌സിൻ പൂർണമായും സുരക്ഷിതമെന്ന് സർക്കാരിന് ഉറപ്പുനൽകാൻ സാധിക്കുമോ?. ’–- മനീഷ് തിവാരി ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..