കൃഷിയിടത്തിനും കർഷകരുടെ ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ താൽക്കാലിക ഉത്തരവിറക്കി. നാട്ടിലിറങ്ങി മനുഷ്യജീവനോ, സ്വത്തിനോ, കൃഷിക്കോ നാശംവരുത്തുന്ന കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥർക്ക് വെടിവച്ചുകൊല്ലാമെന്നാണ് ഉത്തരവ്.
വന്യമൃഗശല്യം തടയാൻ വനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എല്ലാ ഡിവിഷനുകളിലും കർമ സേന (ടാസ്ക് ഫോഴ്സ്) രൂപീകരിക്കും. നേരത്തെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള സർക്കാരിന്റെ അപേക്ഷ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സംസ്ഥാന വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് പുതിയ ഉത്തരവിറക്കിയത്.
വിഷം, സ്ഫോടകവസ്തു, വൈദ്യുതാഘാതം എന്നിവയിലൂടെ കാട്ടുപന്നിയെ കൊല്ലരുത്. കൊല്ലാൻ അനുമതിതേടി റേഞ്ച് ഓഫീസർക്കും മറ്റും ലഭിക്കുന്ന അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കണം. മെയ് 17 വരെയാണ് ഉത്തരവിന് പ്രാബല്യം. ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർക്ക് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കാട്ടുപന്നികളെ കൊല്ലാമെന്ന‍് കഴിഞ്ഞ മേയിൽ വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് കാര്യമായ ഫലമുണ്ടാക്കാത്തതിനാലാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 3941 പേരാണ് കാട്ടുപന്നി ആക്രമണത്തിനിരയായത്. നഷ്ടപരിഹാരമായി 3.18 കോടി രൂപ സംസ്ഥാന സർക്കാർ വിതരണംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..