14 January Thursday

പുനർജനി പദ്ധതി : വി ഡി സതീശന്റെ നിയമലംഘനം വീണ്ടും സഭയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


തിരുവനന്തപുരം
പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയുടെ മറവിൽ വി ഡി സതീശൻ എംഎൽഎ വൻ ക്രമക്കേട്‌ നടത്തിയതായി നിയമസഭയിൽ വീണ്ടും ആരോപണം. പദ്ധതിയുടെ മറവിൽ സതീശൻ നടത്തിയ വിദേശ യാത്രയും വിദേശ സഹായ അഭ്യർഥനയും എഫ്‌സിആർ നിയമത്തിന്റെ ലംഘനവും ടി വി രാജേഷ്‌ എംഎൽഎയാണ്‌ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച്‌ നേരത്തെ ജയിംസ്‌ മാത്യു നിയമസഭയിൽ സമർപ്പിച്ച വീഡിയോ പരിശോധിക്കണമെന്നും ടി വി രാജേഷ്‌, ജയിംസ്‌ മാത്യു, എം സ്വരാജ്‌ എന്നിവർ സ്‌പീക്കറോട്‌ ആവശ്യപ്പെട്ടു.

വി ഡി സതീശനെതിരെ അന്വേഷണത്തിന്‌ സ്‌പീക്കറുടെ അനുമതി തേടിയതായി ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഒരു വിദേശ സഹായവും സ്വീകരിച്ചിട്ടില്ലെന്ന്‌ വി ഡി സതീശൻ വാദിച്ചു. എന്നാൽ വിദേശ യാത്രയ്‌ക്ക്‌ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരുന്നോ, ഏത്‌ അക്കൗണ്ടിലേക്കാണ്‌ പണം വന്നത്‌, ആരാണ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകിയത്‌, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്‌ എന്നൊന്നും സതീശൻ വിശദീകരിച്ചില്ല.

ഇക്കാര്യം രാജേഷ്‌ ചോദിച്ചതോടെ അസ്വസ്ഥനായ സതീശൻ, സ്‌പീക്കർക്ക്‌ എഴുതി നൽകാതെയാണ്‌ അഴിമതി ആരോപിക്കുന്നതെന്ന വാദമുയർത്തി. എന്നാൽ പുതിയ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും അവിശ്വാസ പ്രമേയ ചർച്ചയിൽ ജയിംസ്‌ മാത്യു ഉന്നയിച്ച കാര്യം വീണ്ടും പറയുകയാണ്‌ ചെയ്‌തതെന്ന്‌ ടി വി രാജേഷ്‌ പറഞ്ഞു.

ഏറെ കഴിഞ്ഞ്‌ വി ഡി സതീശൻ വ്യക്തിപരമായ വിശദീകരണം നൽകി. ഒരു ആരോപണത്തിനും വ്യക്തമായ മറുപടി പറയാതെ കാലിത്തീറ്റയുടെയും നോട്ട്‌ ബുക്കിന്റെയും കാര്യം പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെ സഭ അൽപ്പനേരം ബഹളത്തിൽ മുങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top