കൊട്ടിയം > സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന വടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നായകനാണ് വിനീത്. ചടയമംഗലത്തുനിന്ന് മോഷ്‌ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
വിനീത് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തുടങ്ങിയതാണ്. ഷിന്‍സിയെ വിവാഹംചെയ്‌ത ശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിന്‍സി.
ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
എന്നാൽ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിനുശേഷം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ 1.30ന് ചെങ്ങന്നൂരിൽനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ, ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടർന്ന് കാറിൽകയറി വടിവാൾ കഴുത്തിൽവച്ച് സ്വർണമാല, മോതിരം, മൊബൈൽ, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കാർ കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..