KeralaLatest NewsNews

എങ്ങനെയുള്ളവരാണ് കോവിഡ് വാക്സിന്‍ എടുക്കേണ്ടത് ? പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍; വിശദീകരണവുമായി ആരോഗ്യവകുപ്പ്

കൊച്ചി: ജനുവരി 16 മുതല്‍ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയാണ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരവധി ആശങ്കകളും സംശയങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകാം. ഇത്തരം ആശങ്കകള്‍ക്ക് അകറ്റാന്‍ സംശയങ്ങള്‍ ദുരീകരിക്കുകയാണ് ആരോഗ്യ വകുപ്പ്.

Read Also : കൊറോണ വാക്‌സിനുമായി എത്തിയ വാഹനം തടഞ്ഞ് മതമൗലികവാദികൾ ; വീഡിയോ കാണാം

കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്, അത്തരം വ്യക്തികള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.

ഇന്ത്യയില്‍ നല്‍കുന്ന വാക്സിന്‍ മറ്റു രാജ്യങ്ങളിലേതുപോലെ തന്നെ ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്ന വാക്സിനുകളേപ്പോലെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്സിനും.

കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക.

സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കോവിഡ് 19 വാക്സിന്‍ നല്‍കുക. മറ്റേതൊരു വാക്സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പനി, വേദന എന്നിവയുണ്ടായേക്കാം. വാക്സിന്‍ സ്വീകരിച്ചതു മൂലം മറ്റു പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗസാധ്യത കൂടുതലായതിനാല്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണം.

28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടും.

പൊതുജനങ്ങള്‍ക്ക് എപ്പോള്‍?

രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വാക്സിന്‍ നല്‍കേണ്ട മുന്‍ഗണന പട്ടിക തയാറാക്കിയിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ 50 വയസിനു മുകളിലുള്ളവരെയും 50 വയസില്‍ താഴെയുള്ള മറ്റ് രോഗബാധിതരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണ് എല്ലാവര്‍ക്കുമായി വാക്സിന്‍ ലഭ്യമാക്കുക.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button