ആലപ്പുഴ > സാക്ഷരതാ മിഷന്റെ പത്താം തരവും ഹയർ സെക്കണ്ടറിയും പഠിച്ചു മിടുക്കനായ എം വി വിശ്വംഭരനാണ് വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. ചെറുപ്പത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിശ്വംഭരൻ സാക്ഷരതാ പ്രേരക് സ്നേഹപ്പന്റെ നിർബന്ധത്താലാണ് തുടർ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് വന്നത്. തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല. മികച്ച വിജയം നേടി വിശ്വംഭരൻ കഴിവ് തെളിയിച്ചു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിയ്ക്കുമ്പോൾ തുല്യതാ പഠനത്തിലൂടെ കിട്ടിയ അറിവ് ഏറെ കരുത്ത് പകർന്നതായും വിശ്വംഭരൻ പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം എല്ലാ വേദികളിലും തുടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ശനിയാഴ്ച ആരംഭിച്ച തുല്യതാ കോഴ്‌സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്‌തതും മുൻ പഠിതാവായ വിശ്വംഭരനാണ്.
സന്തോഷം പങ്കിടാൻ സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ എത്തിയ വിശ്വംഭരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പുസ്തകങ്ങൾ നൽകി ആദരിച്ചു. വെളിയനാട് ബ്ലോക്ക് പ്രദേശത്തുള്ള മുഴുവനാളുകളെയും ഹയർ സെക്കണ്ടറി തലം വരെ എത്തിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും വിശ്വംഭരൻ പറഞ്ഞു. പദ്ധതിയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ലാവിധ പിന്തുണയും അറിയിച്ചു.
നിലവിൽ വിവിധ തുല്യതാ കോഴ്സുകളിലെ പഠിതാക്കളായിരുന്ന ഇരുപത് പേർ ജനപ്രതിനിധികളായി മാറിയിട്ടുണ്ട്. മുൻ പഠിതാക്കളായ നിരവധി പേരും ജനപ്രതിനിധികളായിട്ടുണ്ട്. സാക്ഷരതയിലൂടെ പഠിച്ച് വിജയിച്ച് ജനപ്രതിനിധികളായവരെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് കെ ജി രാജേശ്വരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..