തിരുവനന്തപുരം
കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെടുമായിരുന്ന പതിനായിരങ്ങളെ മരണത്തിന് വിട്ടുകൊടുത്തില്ല എന്നതാണ് കേരളത്തിന്റെ നേട്ടമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജ് തലം മുതൽ ഫീൽഡ് തലം വരെയുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെയും പൊലീസ്, തദ്ദേശ ഭരണ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവരുടെ നിസ്വാർഥ പ്രവർത്തനമാണ് ഇതിന് പിന്നിൽ. കോവിഡ് പ്രതിരോധത്തിന് ലഭിക്കുന്ന ഏത് അംഗീകാരവും അവർക്ക് അവകാശപ്പെട്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കെജിഒഎയുടെ അഞ്ചാമത് ഡോ. എൻ എം മുഹമ്മദ് അലി എൻഡോവ്മെന്റ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിസന്ധികളെ അതിജീവിക്കാൻ പഠിപ്പിച്ച വർഷമാണ് 2020. വീണുപോകാതിരിക്കുക മാത്രമല്ല, സംസ്ഥാനത്തെ ഭാവിതലമുറയ്‌ക്കായി കൂടുതൽ മികച്ച രീതിൽ പുനർനിർമിക്കുക കൂടിയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ഹസൻ മരയ്‌ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റുമായ എസ് രാമചന്ദ്രൻ പിള്ള പുരസ്കാരം സമർപ്പിച്ചു. അവാർഡ് തുകയായ 50,000 രൂപ മന്ത്രി സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വി കെയർ’ പദ്ധതിക്ക് സംഭാവന ചെയ്തു. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ തുക ഏറ്റുവാങ്ങി.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കെജിഒഎ മുൻ ജനറൽ സെക്രട്ടറി കെ ശിവകുമാർ, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..