ബ്രിസ്‌ബെയ്‌ൻ
ഓസ്‌ട്രേലിയയുമായുള്ള അവസാന ക്രിക്കറ്റ് ടെസ്‌റ്റിൽ എങ്ങനെ കളത്തിലിറങ്ങുമെന്ന ആശങ്കയിൽ ഇന്ത്യൻ ടീം. കളിക്കാർ ഓരോരുത്തരായി പരിക്കിൽ വീണതോടെ നാലാംടെസ്‌റ്റിൽ ആദ്യ 11 പേരെ തെരഞ്ഞെടുക്കാൻപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് യഥാർഥത്തിൽ ടീം മാനേജ്‌മെന്റ്. പരിക്കിന്റെ പട്ടികയിൽ ഒടുവിലായി എത്തിയത് പേസർ ജസ്‌പ്രീത് ബുമ്രയാണ്. സ്‌പിന്നർ ആർ അശ്വിനും ഓപ്പണർ മായങ്ക് അഗർവാളും സംശയത്തിൽ. 15ന് ഗാബയിലാണ് നാലാംടെസ്‌റ്റ്. 1–-1 എന്ന നിലയിലാണ് ഇപ്പോൾ പരമ്പര.
സിഡ്‌നി ടെസ്‌റ്റിനിടെ പലതവണ ശരീരവേദനയുണ്ടായ ബുമ്രയ്‌ക്ക് ഇടയ്‌ക്ക് കളംവിടേണ്ടിവന്നിരുന്നു. 50 ശതമാനം ശാരീരികക്ഷമതയേ ഇപ്പോഴുള്ളൂ. ഈ അവസ്ഥയിൽ കളിക്കാൻ ഇറങ്ങിയാൽ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരകൂടി ബുമ്രയ്‌ക്ക് നഷ്ടമാകും.
പുറംവേദന സഹിച്ചാണ് അശ്വിൻ സിഡ്‌നി ടെസ്‌റ്റിൽ കളിച്ചത്. ദീർഘമായ ഇന്നിങ്‌സ് കളിച്ച അശ്വിൻ ഏറെ ഓവറും ചെയ്‌തിരുന്നു. മായങ്കിന് പരിശീലനത്തിനിടെ ഏറുകൊണ്ടു. കളിക്കുന്ന കാര്യത്തിൽ സംശയമാണ്. പരിക്കുമായാണ് ഇന്ത്യ പരമ്പര തുടങ്ങിയത്. ഓസീസിലെത്തുംമുമ്പേ പേസർ ഇശാന്ത് ശർമ പുറത്തായി. ആദ്യടെസ്‌റ്റിനുശേഷം മറ്റൊരു പേസർ മുഹമ്മദ് ഷമിയും മടങ്ങി. രണ്ടാംടെസ്‌റ്റിനുശേഷം ടീമിലെ മൂന്നാംപേസറായ ഉമേഷ് യാദവിനും തിരിച്ചുപോരേണ്ടിവന്നു.
ഇതിനിടെ ബാറ്റ്‌സ്‌മാൻ ലോകേഷ് രാഹുലിനും പരിക്കേറ്റു. രാഹുലും പുറത്തായി.സിഡ്‌നി ടെസ്‌റ്റിനുശേഷം പട്ടിക പൂർത്തിയായി. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും പുറത്ത്. കൈവിരൽ പൊട്ടിയ ജഡേജ ആറാഴ്‌ചയാണ് പുറത്ത്. പേശീവലിവുള്ള വിഹാരിക്കും ഏറെ സമയം വേണ്ടിവരും. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കുണ്ടെങ്കിലും ഗാബയിൽ കളിച്ചേക്കും.
ബുമ്ര, ഷമി, ഇശാന്ത്, ഉമേഷ് എന്നീ പേസർമാരില്ലാത്ത ഇന്ത്യക്ക് ഗാബയിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടായിരിക്കും. രണ്ട് ടെസ്‌റ്റുമാത്രം കളിച്ച മുഹമ്മദ് സിറാജായിരിക്കും പേസ് നിരയെ നയിക്കുക. ഒരു ടെസ്‌റ്റുമാത്രം കളിച്ച നവ്‌ദീപ് സെയ്‌നി, ശർദുൾ താക്കൂർ, ടെസ്‌റ്റ് കളിക്കാത്ത ടി നടരാജൻ എന്നിവരാണ് ഇനി പേസ് നിരയിൽ. റിസർവ് ബൗളറായ കാർത്തിക് ത്യാഗിയും.
സ്‌പിന്നർമാരിൽ അശ്വിൻ കളിച്ചില്ലെങ്കിൽ കുൽദീപ് യാദവ് എത്തും. വാഷിങ്‌ടൺ സുന്ദറും ടീമിലുണ്ട്.
ബാറ്റിങ് നിരയിൽ വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറാക്കി, ഋഷഭ് പന്തിനെ ബാറ്റ്‌സ്‌മാനായിമാത്രം നിലനിർത്താനുള്ള നീക്കവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..