12 January Tuesday
ഇന്ന്‌ ദേശീയ യുവജനദിനം

യുവതയുടെ ഭാഷ, കാലത്തിന്റെയും - ചിന്ത ജെറോം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

കാലത്തിന്റെ ദയാരാഹിത്യങ്ങളോട് സംവദിക്കാനുള്ള ഭാഷ ചെറുപ്പത്തിന്റേതാണ് എന്നുപറഞ്ഞത് ചിന്തകനായ സ്പിനോസയാണ്. ചരിത്രത്തിലും വർത്തമാനത്തിലും യുവതയുടെ ഭാഷ; യുവതയുടെ ചടുലവും ജീവസ്സുറ്റതുമായ സംവാദഭാഷ നടത്തിയ ഇടപെടലുകളുടെ ആകെത്തുകയാണ്  വർത്തമാനകാല ജീവിതം കൈവെള്ളയിൽ  സൂക്ഷിക്കുന്ന ജനാധിപത്യമൂല്യ പരിസരമാകെത്തന്നെയും. ചെറുപ്പത്തിന്റെ കൂസലില്ലായ്മകൾ നയിച്ചതാണ് ചരിത്രത്തിലെ ജനകീയ വിപ്ലവങ്ങളാകെയും. ചെറുപ്പത്തിന്റെ ബലിഷ്ഠമായ ചുമലുകളിൽ കൈവച്ചാണ് ഇക്കാലമത്രയും കാലം അതിന്റെ സഞ്ചാരവഴി കണ്ടെത്തിയതും.

യുവത നിർഭയം വിളിച്ച മുദ്രാവാക്യങ്ങളുടെ വെളിച്ചത്തിലാണ് നാം സംഘടിച്ചതും ശക്തരായതും. നട്ടെല്ല് ഒരു രാഷ്ട്രീയ ഗുണമാണ് എന്ന് ചരിത്രത്തെ പഠിപ്പിച്ചതും യുവതയുടെ നിലപാടുറപ്പാണ്. ഇന്ന് ദേശീയ യുവജനദിനം ആഘോഷിക്കുകയാണ്. ദൈവത്തിലേക്കെത്താനുള്ള എളുപ്പമാർഗം  ഫുട്‌ബോൾ കളിയാണ് എന്ന് ചിന്തിച്ച, ധിഷണയുടെയും നിലപാടിന്റെയും ഇരിപ്പിടമായി രാജ്യത്തെ യുവതയെ വിഭാവനം ചെയ്ത, എനിക്ക് മിടുക്കരായ ചെറുപ്പക്കാരെ തരൂ, ഞാനീ രാജ്യത്തെ മാറ്റിമറിക്കാം എന്ന് ആത്മവിശ്വാസം സൂക്ഷിച്ച വിവേകാനന്ദ സ്വാമിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. വിവേകാനന്ദൻ വിഭാവനം ചെയ്തതിലും എത്രയോ ഉയരെ നമ്മുടെ ചെറുപ്പത്തിന്റെ കരുത്തും കർമോൽസുകതയും സജീവമായി ഇടപെടുന്ന ചരിത്രസന്ധിയിൽ യുവജനദിനം കൂടുതൽ പ്രസക്തമാകുന്നുണ്ട്.

ചരിത്രവും പോരാട്ടവും
യുവതയുടേതാണ് ചരിത്രത്തിന്റെ ചക്രം തിരിക്കുന്ന വിരലുകൾ എന്ന് നമുക്കറിയാം. ചെറുപ്പം സഞ്ചരിച്ച പുതുവഴികളാണ് നാം ജീവിക്കുന്ന കാലത്തെ ഇത്രയും ജീവോന്മുഖം  ആക്കിയത് എന്നത് ജീവിതത്തെ സംബന്ധിക്കുന്ന നേരറിവുകളിൽ ഒന്നാണ്. എനിക്ക് മരണത്തെ ഭയമില്ല, നിങ്ങളെന്നെ മുന്നിൽനിന്നുവേണം വെടിവയ്ക്കാൻ എന്ന് ബ്രിട്ടീഷ് ഗവർണർക്ക് കത്തെഴുതി വധശിക്ഷയെ അഭിമാനത്തോടെ സ്വീകരിച്ച ഭഗത് സിങ്, ബ്രിട്ടീഷ് പൊലീസിന്റെ ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട ലാലാ ലജ്പത് റായ്, ജപ്പാനിൽ അടക്കം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കേന്ദ്രങ്ങളൊരുക്കി ലോകം സഞ്ചരിച്ച സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര ഭൂമിയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളുടെ പ്രായം യുവതയുടേതാണ്.

പോരാട്ടത്തിന്റെ വിമോചനഭാഷ ജനിതകത്തിൽ പേറി ലാറ്റിനമേരിക്കൻ ഭൂമിയിൽ സ്വാതന്ത്ര്യത്തിന്റെ ചക്രവാളം ചുവപ്പിച്ചെടുത്ത ചെ ഗുവേര തുടങ്ങി ചെറുപ്പത്തിന്റെ തീപ്പന്തം കരളിൽ കോർത്ത്‌ കാലത്തെ തെളിച്ചെടുത്ത എത്ര മനുഷ്യർ, -എത്ര പോരാളികൾ. യൂത്ത്‌ ഹാസ്‌ നോ ഏജ്‌ എന്ന് പാബ്ലോ പിക്കാസോ. യുവത ഒരു മാനസികഭാവം കൂടിയായി വളരുന്നത് നാം കാണുന്നുണ്ട്, ചരിത്രത്തിൽ ഉടനീളം. വയസ്സായിട്ടും വയസ്സാകാത്ത മനുഷ്യർ - പോരാളികൾ -അവർ തെളിച്ച വഴികൾ മുന്നിൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കാലം എത്രയോ ഇരുളടഞ്ഞത് ആകുമായിരുന്നു.

വർത്തമാനവും പ്രതിരോധവും
കോവിഡ് ലോകമെമ്പാടും അനിയന്ത്രിതമായ നാശം വിതച്ചപ്പോൾ കേരളം പ്രതിരോധത്തിന്റെ ജനകീയമാതൃക തീർത്തത് ചെറുപ്പത്തിന്റെ വിരൽ പിടിച്ചാണ്. പ്രളയകാലങ്ങളിൽ യുവതയുടെ പോരാട്ടം കണ്ട കേരളം, കോവിഡിനെ അതിജീവിക്കാൻ ചെറുപ്പത്തിന്റെ നായകത്വത്തിലാണ് ബ്ലൂ പ്രിന്റ് തയ്യാറാക്കി നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രൂപീകരിച്ച സന്നദ്ധസേനയിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുകയും കോവിഡ് പ്രതിരോധത്തിന്റെ പോരാട്ടത്തിൽ സജീവമായി അണിനിരക്കുകയും ചെയ്തു. ക്വാറന്റൈൻ കേന്ദ്രത്തിൽ കൂട്ടിരുപ്പുകാരായി പ്രവർത്തിച്ച യുവതമുതൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതശരീരം സംസ്കരിക്കാൻ നേതൃത്വം കൊടുത്ത മാതൃകാ യൗവനംവരെ കേരളത്തെ പ്രത്യാശപ്പെടുത്തിയ കാലമാണ് ഇത്. ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കാൻ സാധിച്ചതിൽ കേരള സംസ്ഥാന യുവജന കമീഷന് അഭിമാനമുണ്ട്.

ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കേരളത്തിലെ ഇടതുപക്ഷ യുവജന പ്രസ്ഥാനം നടത്തിയ പ്രവർത്തനങ്ങൾ, 11 കോടി രൂപയാണ് ചെറുപ്പത്തിന്റെ സജീവ ചേതനായ പ്രസ്ഥാനം ആക്രി പെറുക്കിയും മീൻപിടിച്ചു വിറ്റും സ്വരൂപിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന യുവതയുടെ എണ്ണം. രാജ്യത്തെ ഏറ്റവും ചെറുപ്പക്കാരിയായ മേയർ, പ്രിയപ്പെട്ട ആര്യ രാജേന്ദ്രൻ  നമ്മുടെ സംസ്ഥാനത്തെ യുവതയുടെ പ്രതിനിധിയാണ് എന്നത് നമുക്ക് നൽകുന്ന അഭിമാനബോധം ചെറുതല്ല.
കർഷകസമരഭൂമിയിൽ ചെറുപ്പം മഞ്ഞും മഴയും ഏറ്റിട്ടും മുദ്രാവാക്യം വിളികളോടെ മുന്നിൽനിന്ന്  നയിക്കുന്നതും വർത്തമാന ഇന്ത്യൻ യാഥാർഥ്യമാണ്. പോരാടിയും പൊരുതിയും തോൽക്കാതെ സമരമരമായി വിരിഞ്ഞും സ്വയം നവീകരിച്ച്‌ യുവത മുന്നേറുമ്പോൾ കാലത്തിന്റെ ഭാഷ കുറേക്കൂടി കാരുണ്യനിർഭരമായി മാറുന്നു. ചെറുപ്പത്തിന്റെ ഭാഷയുടെ തെളിച്ചത്തിൽ പോരാട്ടങ്ങൾക്ക് മൂർച്ച കൂടുന്നു, യുവതയുടെ ചുമലിൽ കൈവച്ച് കാലം മുന്നോട്ട് കുതിക്കുന്നു.

(കേരള യുവജന കമീഷൻ അധ്യക്ഷയാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top