തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപനങ്ങൾ അടുത്ത സാമ്പത്തിക വർഷത്തെ മുഴുവൻ പദ്ധതികളും ഫെബ്രുവരി 23നകം സമർപ്പിച്ച് 25നകം ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടണം. അംഗീകാരം ലഭിച്ച വാർഷിക പദ്ധതികൾ 27നകം തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റുമായി സംയോജിപ്പിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുംമുമ്പ് വാർഷിക പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനാണിത്. ഇതു സംബന്ധിച്ച വിശദമായ സമയക്രമം തദ്ദേശഭരണ വകുപ്പ് പുറപ്പെടുവിച്ചു. ഗ്രാമ–-വാർഡ് സഭകൾ ഫെബ്രുവരി 12നകവും വികസന സെമിനാറുകൾ 16നകവും പൂർത്തിയാക്കണം.
എൽഡിഎഫ് സർക്കാരിന്റെ നാല് വർഷവും മാർച്ച് 31നുമുമ്പ് വർഷിക പദ്ധതികൾക്ക് അംഗീകാരം നേടി ഏപ്രിൽ ഒന്നിനുതന്നെ പദ്ധതി നിർവഹണം ആരംഭിച്ചിരുന്നു. ഇതോടെ 12 മാസവും പദ്ധതി നിർവഹണത്തിന് ലഭിച്ചു. മാത്രമല്ല, പുതിയ പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റിന്റെ ഭാഗവുമാക്കാനായി.
മാർച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. പെരുമാറ്റചട്ടം നിലവിൽവന്നാൽ പദ്ധതികൾക്ക് അംഗീകാരം നേടുന്നതിനെ ബാധിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ എല്ലാ നടപടിയും പൂർത്തിയാക്കാൻ സമയക്രമം നിശ്‌ചയിച്ചത്. മുൻകൂട്ടി അംഗീകാരം നേടിയാൽ പെരുമാറ്റചട്ടം നിലവിലുണ്ടായാലും കോവിഡ് പ്രതിരോധം പോലുള്ള അത്യാവശ്യ പദ്ധതി നിർവഹണം നടത്താനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..